കൊല്ലം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ ബാംഗ്ലൂരില്‍ നിന്നും കടത്തി കൊണ്ട് വന്ന എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായി. കേരളപുരം മാമൂട് അനസ് മന്‍സിലില്‍ ആഷിക് (22), കൊറ്റങ്കര വേലങ്കോണം പുത്തന്‍ കുളങ്ങര ജസീലാ മന്‍സിലില്‍ അന്‍വര്‍ ഷാ (20) എന്നിവരാണ്് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കര്‍ബല ജംഗ്ഷനില്‍ എത്തിയ പോലീസ് സംഘത്തെ കണ്ട് റെയില്‍വേ നടപ്പാലത്തിന് താഴത്തെ പടിയില്‍ ആഷിക്കും അന്‍വര്‍ ഷായും പരുങ്ങി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആഷിക്കിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും 45 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ ബാംഗ്ലൂരില്‍ നിന്നും എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ്സില്‍ ആലപ്പുഴയില്‍ വന്നിറങ്ങിയശേഷം അവിടെനിന്നും ട്രെയിന്‍ മാര്‍ഗ്ഗം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. മയക്കുമരുന്ന് വിറ്റു കിട്ടുന്ന പണം കൊണ്ടാണ് പ്രതികള്‍
ആര്‍ഭാട ജീവിതം നയിച്ച് വന്നിരുന്നത്. കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, എസ്‌ഐമാരായ ഷബ്‌ന സവിരാജ് എഎസ്‌ഐ സതീഷ് കുമാര്‍ സിപിഓമാരായ സുനേഷ്, ദീപക്, ലിനേഷ്, ഡാന്‍സാഫ് ടീമിലെ എസ്‌ഐ രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.