വേലിയേറ്റ ഭീഷണിയിൽ മൺട്രോതുരുത്ത്

Advertisement

ശാസ്താംകോട്ട:കല്ലടയാറിൻ്റെയും അഷ്ടമുടി കായലിൻ്റെയും തീരപ്രദേശമായ മൺറോതുരുത്ത് പഞ്ചായത്ത് വേലിയേറ്റം മൂലം വലയുന്നു.
ഒരാഴ്ച്ചക്കാലമായി പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും രൂക്ഷമായ വേലിയേറ്റ ഭീഷണിയിലാണ്.ഇതിനൊപ്പം
തെന്മല ഡാമിൽ നിന്നും വെള്ളം തുറന്നു വിട്ടതു മൂലം താഴ്ന്ന പ്രദേശങ്ങളായ കിടപ്രം തെക്ക്, വടക്ക്, പെരുങ്ങാലം,കൺട്രംകാണി,പട്ടംതുരുത്ത് തുടങ്ങിയ വാർഡുകൾ പൂർണമായി വെള്ളത്തിനടിയിലാണ്.വഴികളിലെല്ലാം ഉപ്പുവെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ പ്രദേശവാസികൾക്ക് എവിടേക്കും പോകാനും കഴിയുന്നില്ല.കിണറുകളിൽ നിന്നും ഉപ്പുരസം കലർന്ന വെള്ളമാണ് ലഭിക്കുന്നത്.വീടുകൾക്കുള്ളിലും ഉപ്പുവെള്ളം കെട്ടിക്കിടക്കുകയാണ്.മിക്ക വീടുകളും തകരുന്നതിനും ഇത് കാരണമാകുന്നു.തൊഴിൽ മേഖലകളെല്ലാം നിശ്ചലമായത് സാധാരണക്കാർക്ക് ഇരുട്ടടിയായി.രൂക്ഷമായ വേലിയേറ്റം മൂലം കയർ,മത്സ്യ,കർഷക തൊഴിലാളികൾ പട്ടിണിയിലാണ്.

ദിവസവും വൈകിട്ട് 4 മണിക്ക് തുടങ്ങുന്ന പ്രതിഭാസം പിറ്റേ ദിവസം 11 വരെ തുടരുന്നതാണ് രീതിയെന്ന് നാട്ടുകാർ പറയുന്നു.നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മൺറോതുരുത്തിന് തലവേദനയായി വീണ്ടും വേലിയേറ്റം മാറിയിരിക്കുന്നത്.കടലിലെ വെള്ളം ഉൾവലിയാത്തതുമൂലമാണ് മൺറോതുരുത്തിൽ വേലിയേറ്റം സൃഷ്ടിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. അതിനിടെ മൺറോതുരുത്തിൽ വേലിയേറ്റം മൂലം ജനജീവിതം ദുസ്സഹമായിട്ടും ജില്ലാ ഭരണകൂടമടക്കം ഇവിടേക്ക് ശ്രദ്ധ പതിപ്പിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
വേലിയേറ്റം മൂലം വെള്ളത്തിനടിയിലായ മൺട്രോത്തുരുത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിയ്ക്കണമെന്നതാണ് പ്രധാന ആവശ്യം.ജനങ്ങളുടെ സംരക്ഷണത്തിനായി ഭുരിതാശ്യാസ ക്യാമ്പുകൾ ആരംഭിയ്ക്കുവാനുളള അടിയന്തിര നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.പ്രസിഡൻ്റ് എസ്.സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.സേതുനാഥ്,അനീഷ് കുമാർ,ജേക്കബ്ബ് സാമുവൽ,സുധീർ, അനിൽകുമാർ,ശ്രീജ വിനോദ്,ശ്രീജ അജി,അഖിൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.