കൊല്ലം: മയക്ക് മരുന്ന് സംഘങ്ങളെ പിടികൂടുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിധിയില്‍ കഴിഞ്ഞ ആഴ്ച നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ വില്പനക്കാരും ഉപഭോക്താക്കളുമായ 102 പേര്‍ പിടിയിലായി. വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 98 കേസുകളില്‍ 102 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലം, ചാത്തന്നൂര്‍ എസിപിയുടെയും കരുനാഗപ്പള്ളി എഎസ്പിയുടെയും നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ലോഡ്ജുകള്‍, റെയില്‍വേ സ്റ്റേഷന്‍, ബീച്ച് തുടങ്ങിയ സ്ഥലങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്.
പരിശോധനയുടെ ഫലമായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 6.39 ഗ്രാം എംഡിഎംഎയും വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 5.4 കിലോ ഗ്രാം ഓളം കഞ്ചാവും പിടികൂടി. കൂടാതെ കഞ്ചാവ് ബീഡി ഉപയോഗിച്ചതിന് വിവിധ സ്റ്റേഷനുകളിലായി 77 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഞ്ചാവ്, എംഡിഎംഎ കൈവശം വച്ചതിന് 20 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മാരക ലഹരി മരുന്നുകള്‍ സംസ്ഥാനത്തേക്ക് കടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിനും ലഹരി ഉപയോഗവും വ്യാപാരവും തടയുന്നതിനായി പരിശോധനകള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.