‘ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്’

Advertisement

കൊല്ലം: ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പനയം ഗ്രാമപഞ്ചായത്തിലെ ചെമ്മക്കാട് വെള്ളിമണ്‍ കടത്തുകടവിന് പടിഞ്ഞാറുഭാഗത്ത് അപകടകരമായ നിലയിലുള്ള കുന്ന് സംരക്ഷിക്കുന്നതിനും വീടുകള്‍ക്കും റോഡിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് കമ്മീഷന്‍ പനയം പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
സംരക്ഷണഭിത്തി നിര്‍മിക്കാന്‍ 10 ലക്ഷത്തോളം രൂപ ചെലവാകുമെന്നതിനാല്‍ പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചത്. കുന്നിന്റെ അടിവാരത്ത് നിന്നും ഊറ്റ് ഉത്ഭവിക്കുന്നതിനാല്‍ അടിഭാഗം തുറന്ന് മണ്ണ് കായലിലേക്ക് ഒഴുകി തുരങ്കം രൂപപ്പെട്ട നിലയിലാണെന്നും ഇതുവഴി കാല്‍നടയായി പോകുന്നത് പോലും അപകടമാണെന്നും പരാതിക്കാര്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി വാദിച്ചു.
സ്വകാര്യവസ്തുവിന്റെ സംരക്ഷണത്തിനായി സംരക്ഷണഭിത്തി നിര്‍മിക്കാന്‍ കഴിയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയും കമ്മീഷനെ അറിയിച്ചു. എന്നാല്‍ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. പ്രദേശവാസികളായ എം.കെ ജോര്‍ജും വിമല കാസ്മിറും സമര്‍പ്പിച്ച പരാതിയിലാണ് നടപടി.