പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ബംഗാളി യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

Advertisement

കൊല്ലം: പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ബംഗാളി യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ബംഗാള്‍ സ്വദേശി സബൂജ് കുമാര്‍ ബിശ്വാസ്ി (34)നെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. 2015 ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി പശ്ചിമ ബംഗാളില്‍ ഭര്‍ത്താവുമൊത്ത് താമസിച്ചു വരവേ പ്രതിയുമായി സ്നേഹത്തിലാവുകയും, ഒളിച്ചോടി കൊല്ലം ചാത്തന്നൂരില്‍ താമസിച്ച് വരികയുമായിരുന്നു. ഇതിനിടെ യുവതി മറ്റൊരു ബംഗാളി സ്വദേശിയായ യുവാവുമായി സ്നേഹത്തിലായി. ഇത് പ്രതി അറിയുകയും യുവതിയെ താമസസ്ഥലത്ത് വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം പശ്ചിമ ബംഗാളിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചാത്തന്നൂര്‍ പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. ബംഗാളി സ്വദേശികളായ നാല് പേരും കോടതിയില്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ കമലാസനന്‍ ഹാജരായി.