കൊല്ലം: ടൂര്‍ പാക്കേജ് നല്‍കുന്ന കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയിലായി. ദല്‍ഹി സ്വദേശികളായ രാഹുല്‍ കുമാര്‍ (26), സാദ് സെയ്ഫി (21), ഹര്‍പ്രീത് ബന്‍സല്‍(27), ഗഗന്‍ സലൂജാ (26), കപില്‍ സിംഗ് (26), അങ്കിത് സിംഗ് (23) എന്നിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയുടെ പരാതിയില്‍ കൊല്ലം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടിയിലായത്. ഈ മാസം 19ന് ടൂര്‍ പാക്കേജ് നല്‍കുന്ന ക്ലബ്ബ് റിസോര്‍ട്ടോ എന്ന സ്ഥാപനത്തില്‍ നിന്നാണെന്നു പറഞ്ഞു പരാതിക്കാരനെ ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഈ സ്ഥാപനത്തിന്റെ മെമ്പര്‍ഷിപ്പ് എടുത്താല്‍ രണ്ട് രാത്രി ഭാരതത്തില്‍ എവിടെ വേണമെങ്കിലും താമസിക്കുവാനുള്ള ഒരു ഗിഫ്റ്റ് വൗച്ചറും കൂടാതെ പ്രശസ്തമായ സിനിമ തീയറ്ററിലെ രണ്ട് ടിക്കറ്റും നല്‍കാമെന്ന് വാഗ്ദാനം നല്‍കി. തുടര്‍ന്ന് കൊല്ലം തേവള്ളിയിലുള്ള പ്രശസ്തമായ സ്വകാര്യ ക്ലബ്ബില്‍ വച്ചു മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തുന്നതായ് അറിയിക്കുകയും അതില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുകയും ചെയ്യ്തു. മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ എത്തിയ പരാതിക്കാരനില്‍ നിന്നും ഒരു ലക്ഷം രൂപ മെമ്പര്‍ഷിപ്പ് ഫീസായി വാങ്ങിയ ശേഷം വീണ്ടും ഒരു ലക്ഷം രൂപ കൂടി നല്‍കിയാലെ മെമ്പര്‍ഷിപ്പ് വൗച്ചര്‍ നല്‍കൂ എന്ന് പറഞ്ഞ് ചതിക്കുകയായിരുന്നു. തുടര്‍ന്ന് വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ സംഘം മൂന്ന് ദിവസമായി ഇവിടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി വരികയായിരുന്നുവെന്നും നിരവധി ആളുകളില്‍ നിന്ന് ഇപ്രകാരം പണം കൈപ്പറ്റിയിട്ടുള്ളതായും കണ്ടെത്താന്‍ കഴിഞ്ഞു. കൊല്ലം എസിപിയുടെ മേല്‍നോട്ടത്തിലും വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തിലും എസ്‌ഐമാരായ രാജേഷ്, ജയലാല്‍ എസ്‌സിപിഒമാരായ ശ്രീലാല്‍, ദീപു ദാസ്, രതീഷ്, സിപിഒമാരായ സുരേഷ്, സലീം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.