കൊല്ലം: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. ഓച്ചിറ വയനകം കൈപ്പള്ളില്‍ വീട്ടില്‍ തരുണ്‍ ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഡിസംബര്‍ 6ന് പ്രയാര്‍ സ്വദേശിയായ ഷൈജുവും തരുണും തമ്മില്‍ ഓച്ചിറ ജങ്ഷനില്‍ വെച്ച് ഉണ്ടായ തര്‍ക്കത്തില്‍ ഷൈജുവിനെ പ്രതി അസഭ്യം വിളിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് തരുണിന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
അക്രമത്തില്‍ ഷൈജുവിന്റെ കയ്യിലെ അസ്ഥിക്ക് പൊട്ടലും ആഴത്തിലുള്ള മുറിവുമുണ്ടായി. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് തരുണ്‍. ഓച്ചിറ സബ് ഇന്‍സ്‌പെക്ടര്‍ നിയാസിന്റെ നേതൃത്വത്തില്‍ എസ്‌സിപിഒ അനു, അനി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.