ശാസ്താംകോട്ട:ശാസ്താംകോട്ട തടാകതീരത്തെ പുതുശേരിമുകൾ ഭാഗത്തു നിന്നും മണ്ണെടുക്കുന്നതിന് സ്വകാര്യ വ്യക്തിക്ക് ജില്ലാ ജിയോളജിസ്റ്റ് അനുമതി നൽകിയത് വിവാദമായ പശ്ചാത്തലത്തിൽ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡൻ്റിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ യുഡിഎഫ് നടത്തുന്ന സമരം അപഹാസ്യമാണെന്ന് ഭരണസമിതി ആരോപിച്ചു.അഞ്ച് സെൻ്റ് വസ്തുവിൽ വീട് വയ്ക്കുന്നതിനാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ അനുമതി നൽകിയത്.ഇതിന് ഭരണസമിതിയുടെ അനുവാദം ആവശ്യമില്ല.ഇതിൻ്റെ അടിസ്ഥാനത്തിൽ നിർദ്ദിഷ്ട സ്ഥലത്തെ മണ്ണെടുത്തു മാറ്റാനുള്ള അപേക്ഷ ജിയോളജിക്ക് നൽകുകയും അവർ നിരസിക്കുകയും ചെയ്തു.എന്നാൽ വ്യക്തി കോടതിയെ സമീപിക്കുകയും അനുമതി സമ്പാദിക്കുകയും ചെയ്തു.ഒടുവിൽ ജിയോളജിയുടെ അനുമതി നേടിയ വിവരം ആദ്യമറിഞ്ഞത് കോൺഗ്രസ് ജനപ്രതിനിധികളാണ്.ഭരണസമിതിയുടെ മുമ്പാകെ വിഷയം വന്നയുടൻ വീട് വെക്കാൻ നൽകിയ പെർമിറ്റ് റദ്ദാക്കുകയുണ്ടായി.പിന്നീട് കളക്ടറെ സമീപിച്ച് ജിയോളജിയുടെ പെർമിറ്റ് റദ്ദാക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ ഒന്നാകെയാണ് ആവശ്യപ്പെട്ടത്.കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജിയോളജി പെർമിറ്റ് പിവൻവലിക്കുകയും ചെയ്തു.വീടിന്റെ ഉടമയെയോ മണ്ണെടുക്കാൻ ശ്രമിക്കുന്ന വ്യക്തികളെയോ പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതി അംഗങ്ങൾക്കറിയില്ല. യാഥാർത്ഥ്യം ഇതായിരിക്കെ ഭരണസമിതിക്കെതിരെ കള്ളക്കഥകൾ മെനഞ്ഞ് പ്രചരിപ്പിക്കുന്ന മണ്ണ് മാഫിയ- യുഡിഎഫ് കൂട്ട്‌കെട്ടിനെതിരെ ജനം പ്രതികരിക്കും.പഞ്ചായത്തിലെ
നടുവിലക്കര വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്ത് പോയ യുഡിഎഫ് പരാജയം മറച്ചു വയ്ക്കാനും 4 വർഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തിയ എൽഡിഎഫ് ഭരണസമിതിയെ കരിവാരിതേയ്ക്കാനുമുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും വൈസ് പ്രസിഡന്റ് എൽ.സുധ,സ്റ്റാന്റിംഗ് കമ്മിറ്റി
അധ്യക്ഷരായ കെ.സുധീർ,ഉഷാലയം ശിവരാജൻ,ജെ.അംബികാകുമാരി,
അംഗങ്ങളായ ഷീലാകുമാരി,
റ്റി.ശിവരാജൻ,എസ്.സിന്ധു,
സുനിതാദാസ് എന്നിവർ പറഞ്ഞു.