കൊല്ലം: ഭരണകൂടത്തിന്റെ നിസംഗതയുടെയും, അനാസ്ഥയുടെയും ഇരയാണ് പുത്തൻതുരുത്ത് സ്വദേശിനി സന്ധ്യ എന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. 11 ദിവസമായി വെള്ളം കുടി മുട്ടിയ കൊല്ലം ജനത അനുഭവിക്കുന്ന ദുരിതം ഉദ്യോഗസ്ഥരുടെയും, ഭരണകൂടത്തിന്റെയും കെടുകാര്യസ്ഥതയുടെ ഫലമാണ്. കൊല്ലം നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പിന്റെ കാലപ്പഴക്കം നിർണയിച്ച് പ്രതിവിധി കണ്ടെത്താതെ അലഭാവം കാണിച്ച ഉദ്യോഗസ്ഥരാണ് ഈ ദുരിതത്തിന് ഉത്തരവാദികൾ. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം സന്ധ്യയുടെ കുടുംബത്തെ സഹായിക്കുന്നതിനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ള വിതരണം പുനസ്ഥാപിക്കാത്തതിനെതിരെ ആർഎസ്പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശീയപാത ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ കളക്ടറേറ്റിനുമുൻപിൽ ദേശീയപാത ഉപരോധിച്ചു. ഗതാഗതം തടഞ്ഞ പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു.
ഉപരോധ സമരത്തിൽ ആർ എസ് പി ജില്ലാ സെക്രട്ടറി കെ എസ് വേണുഗോപാൽ അധ്യക്ഷനായി. ഷിബു ബേബീ ജോൺ ഉപരോധ സമരം ഉദ്ഘാടനം ചെയ്യ്തു. ബി. രാജേന്ദ്രപ്രസാദ്, ഇടവനശേരി സുരേന്ദ്രൻ, സി പി സുധീഷ് കുമാർ, ജി വേണുഗോപാൽ, റാം മോഹൻ, വിഷ്ണു മോഹൻ, സി ഉണ്ണികൃഷ്ണൻ, ഉല്ലാസ് കോവൂർ, ജസ്റ്റിൻ ജോൺ, ആർ അജിത്ത്കുമാർ, മുംതാസ്, ജയലക്ഷമി, കെ രാജി, ഫെബി സ്റ്റാലിൻ, സുഭാഷ് കല്ലട,
തുടങ്ങിയവർ നേതൃത്വം നൽകി.