കൊല്ലത്ത് ക്ഷേത്ര ദര്‍ശനത്തിന് ശേഷം റോഡ് മുറിച്ച് കടക്കവെ സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു… സ്‌കൂട്ടര്‍ ഓടിച്ചത് പതിനാറുകാരന്‍

Advertisement

കൊല്ലം: മുണ്ടയ്ക്കലില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുണ്ടയ്ക്കല്‍ സ്വദേശി കുന്നത്ത് വീട്ടില്‍ ലാല്‍ പ്രസാദിന്റെ ഭാര്യ സുശീലയാണ് (62) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45-നായിരുന്നു അപകടം. വയോധികയെ ഇടിച്ചുവീഴ്ത്തിയെ സ്‌കൂട്ടര്‍യാത്രികര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
കൊല്ലത്തെ തുമ്പ്ര ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ സ്‌കൂട്ടര്‍ ഇവരേയും മറ്റൊരു സ്ത്രീയേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തല ഇടിച്ച് റോഡില്‍ വീണ സുശീലയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അതേസമയം, വയോധികയെ ഇടിച്ചുവീഴ്ത്തിയെ സ്‌കൂട്ടര്‍ യാത്രികര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ആംബുലന്‍സ് വിളിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഇരുവരും സ്ഥലംവിട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിഷയം പുറത്തറിയുന്നത്. വയോധികയെ സ്‌കൂട്ടര്‍ ഇടിക്കുന്നതും ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ പതിനാറുകാരനാണ് വാഹനം ഓടിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തില്ലേരി സ്വദേശിയായ പതിനാറുകാരനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്തു.