‘അന്ധമായ കേന്ദ്രവിരോധം വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാകുന്നു’, പി എസ് ഗോപകുമാർ

Advertisement

ശാസ്താംകോട്ട . കേന്ദ്ര സർക്കാരിനോടും കേന്ദ്രപദ്ധതികളോടുമുള്ള സംസ്ഥാനസർക്കാരിൻ്റെ അന്ധമായ വിരോധം സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാകുന്നതായി ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ പറഞ്ഞു. കുന്നത്തൂർ നെടിയവിള ഭൂതക്കുഴി എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന എൻ ടി യു ശാസ്താംകോട്ട ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നര പതിറ്റാണ്ടിന് ശേഷം കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വ്യാപകമായ പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. ‘റിജെക്ട് എൻ ഇ പി ‘ പോലുള്ള ക്യാമ്പയിനുകൾക്ക് മുഖ്യമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. കേന്ദ്രാവിഷ്കൃത പദ്ധതികളോട് മുഖം തിരിഞ്ഞു നിൽക്കുന്ന സംസ്ഥാന സർക്കാർ യഥാർത്ഥത്തിൽ രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്. പി എം ശ്രീ പോലുള്ള പദ്ധതികൾ നടപ്പാക്കാത്തതിന്റെ പേരിൽ സമഗ്ര ശിക്ഷാ പദ്ധതിയുടെ നടത്തിപ്പ് തന്നെ അവതാളത്തിൽ ആയിരിക്കുകയാണ്. ഇതുമൂലം എസ് എസ് കെ യിലെ ജീവനക്കാരുടെ ശമ്പളം പോലും സമയത്ത് നൽകാനാവാത്ത സാഹചര്യമുണ്ട്. യഥാർത്ഥത്തിൽ സംസ്ഥാന സർക്കാരിൻറെ കേന്ദ്രവിരുദ്ധത മൂലം കേന്ദ്ര പദ്ധതികളുടെ ഗുണവശങ്ങൾ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടതെന്നും പിഎസ് ഗോപകുമാർ ആവശ്യപ്പെട്ടു.

എൻ ടി യു ശാസ്താംകോട്ട ഉപജില്ലാ പ്രസിഡൻറ് ഡോക്ടർ സി സുശീൽ കുമാർ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡൻറ് എസ് കെ ദിലീപ് കുമാർ ഉപഹാരസമർപ്പണം നടത്തി. പെൻഷണേഴ്സ് സംഘ് സംസ്ഥാന സമിതിയംഗം കെ ഓമനക്കുട്ടൻ പിള്ള , എൻ ടി യു മുൻ ജില്ലാ വൈസ് പ്രസിഡൻറ് ജി ജയകുമാർ എന്നിവർ ആശംസ അർപ്പിച്ചു. എൻ ടി യു ജില്ലാ ട്രഷറർ ആർ ഹരികൃഷ്ണൻ ഭാരവാഹി പ്രഖ്യാപനം നടത്തി. കേരള സർവകലാശാലാ സിൻഡിക്കേറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ട എൻ ടി യു സംസ്ഥാന പ്രസിഡൻ്റ് പി എസ് ഗോപകുമാറിനെ ചടങ്ങിൽ അനുമോദിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന നെടിയവിള വി ജി എസ് എസ് എ എച്ച് എസ് എസ് അധ്യാപകരായ എൻ പ്രദീപ്കുമാർ, എസ് രാധാകൃഷ്ണപിള്ള, മണ്ണടി വിഎച്ച്എസ്എസ് അധ്യാപിക എസ് ജയശ്രീ എന്നിവരെയും കണ്ണൂർ ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഡോ. സി സുശീൽ കുമാറിനെയും ചടങ്ങിൽ ആദരിച്ചു. ഉപജില്ലാ ട്രഷറർ എസ് ഗിരീഷ് കുമാർ സ്വാഗതവും എസ് ചിഞ്ചു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എസ് ഗിരീഷ് ( പ്രസിഡൻ്റ്), എസ് ചിഞ്ചു (സെക്രട്ടറി), ദിവ്യ എസ് (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.