പുനലൂർ: വീടിനു മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അഷ്ടമംഗലം ബേക്കറിമുക്ക് ബിന്ദു ഭവനിൽ ബിനു എന്ന ശശാങ്കൻ (38) ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
പുതുതായി പണിയുന്ന തന്റെ വീട്ടിൽ കോൺക്രീറ്റിന് വെള്ളം ഒഴിക്കാൻ എത്തിയതായിരുന്നു ശശാങ്കൻ. വീടിൻറെ മുന്നിൽ സംശയനിലയിൽ കണ്ടെത്തിയ ചെറിയ പൊതിക്കെട്ട് കൈകൊണ്ട് എടുത്ത് മാറ്റി കമ്പ് ഉപയോഗിച്ച് തട്ടുന്നതിനിടെ ഉഗ്ര ശബ്ദത്തിൽ പൊട്ടിതെറി ക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ഇടത് കയ്യിലെ രണ്ടുവിരലുകൾ പൂർണമായി തകർന്നു. കൈപ്പത്തിക്ക് സാരമായി പരിക്കേറ്റു. ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലും പൊള്ളലേറ്റു. വസ്ത്രത്തിലും തീപിടിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു