ശാസ്താംകോട്ട:ആഞ്ഞിലിമൂട്ടിൽ ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ മരിച്ച രാജഗിരി സ്വദേശി സ്റ്റീഫൻ്റെ വിയോഗം തളർത്തിയത് രണ്ട് കൊച്ചു മക്കളെ.മകൾ അനിതയുടെ മക്കളും വിദ്യാർത്ഥികളുമായ ഇരുവരെയും അനിതയുടെ മരണശേഷം സംരക്ഷിച്ചിരുന്നത് സ്റ്റീഫനായിരുന്നു.സ്റ്റീഫൻ്റെ ഭാര്യ സ്റ്റെല്ല വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു.ഇതിനാൽ വീട്ടിൽ മുത്തച്ചനും ചെറുമക്കളും മാത്രമാണുണ്ടായിരുന്നത്.മറ്റൊരു മകളായ ശാലിനി ഏറെ അകലെയല്ലാതെ കുടുംബവീടിന് സമീപത്താണ് കഴിയുന്നത്.ഇവരുടെ ഭർത്താവ് ജോസ് ശാസ്താംകോട്ട വില്ലേജ് ഓഫീസ് ജീവനക്കാരനാണ്.റിട്ട.റവന്യൂ ജീവനക്കാരനായിരുന്ന സ്റ്റീഫൻ സജീവ സിപിഎം പ്രവർത്തകൻ കൂടിയായിരുന്നു.നടക്കാനും പാലു വാങ്ങാനും കൊച്ചു മക്കൾക്ക് രാവിലെ കഴിക്കാനുള്ള ആഹാരം വാങ്ങാനുമുണ്ട് പതിവുപോലെ ആഞ്ഞിലിമൂട്ടിലേക്ക് പോയത്.പക്ഷേ ആ യാത്ര അവസാനയാത്രയാണെന്ന് ആരും കരുതിയില്ല.ചവറ സ്വദേശികളായ അയ്യപ്പൻമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ടിപ്പറിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു.ടിപ്പറിനും കാറിനും ഇടയിൽപ്പെട്ടാണ് സ്റ്റീഫൻ മരിച്ചത്.ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവം അറിഞ്ഞ സ്ഥലത്തെത്തിയ ശാസ്താംകോട്ട പോലീസിന്റെ നേതൃത്വത്തിൽ പ്രാഥമിക നടപടികൾ സ്വീകരിച്ചു.മൃതദേഹം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.കാർ യാത്രികർക്ക് പരിക്കില്ല.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.അനന്തര നടപടികൾക്കു ശേഷം വൈകിട്ടോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ 10ന് രാജഗിരി സെൻ്റ് സെബാസ്റ്റ്യറ്റ്യൻ ചർച്ച് സെമിത്തേരിയിൽ സംസ്ക്കരിക്കും.