ശാസ്താംകോട്ട:കുന്നത്തൂരിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ
ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസ്സെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.വി.ജി.എസ്.എസ് അംബികോദയം എച്ച്.എസ്.എസ് ലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കുന്നത്തൂർ പടിഞ്ഞാറ് ശിവരഞ്ജിനിയിൽ (ഗോപിവിലാസം) ആദി കൃഷ്ണനെ (15) കഴിഞ്ഞ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് 12.45 ഓടെ വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അയൽവാസിയും ബന്ധുക്കളുമായ ദമ്പതികളുടെ മാനസിക-ശാരീരിക പീഡനമാണ് കുട്ടിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതത്രേ.ഇവരുടെ മകൾക്ക് ഇൻസ്റ്റയിൽ മെസേജ് അയച്ചു എന്ന ആക്ഷേപം ഉന്നയിച്ച് നവംബർ 30ന് രാത്രിയിൽ ഇവർ വീടുകയറി കുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.മർദ്ദനത്തിൽ കുട്ടിയുടെ ഇടത് ചെവിക്ക് സാരമായി പരിക്കേറ്റു. വീട്ടുകാർ ബാലാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങവേയാണ് കുട്ടി ജീവനൊടുക്കിയത്.സംഭവ സമയം ഭിന്നശേഷിക്കാരനായ ഇളയ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.പഠനത്തിലും
പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കനായിരുന്ന ആദികൃഷ്ണ രോഗികളും നിർദ്ധനരുമായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു.എന്നാൽ സംഭവം നടന്ന് ഒരു മാസം തികഞ്ഞിട്ടും പ്രതികൾക്കെതിരെ നടപടിയെടുക്കാൻ ശാസ്താംകോട്ട പൊലീസ് തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്.രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾക്കു വേണ്ടി പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.അതിനിടെ ഭാരതീയന്യായ സംഹിതയിലെ വകുപ്പു പ്രകാരം ജീവപര്യന്തം തടവ്ശിക്ഷ ലഭിക്കാവുന്ന തരത്തിൽ കേസ് എടുത്തതായി പൊലീസ് പറയുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ തയ്യാറാകുന്നില്ലെന്നും പിതാവ് ഗോപു,മാതാവ് രജ്ഞിനി,പൊതു പ്രവർത്തകരായ പിന്നാട്ട് ബാബു,മനു എന്നിവർ പറഞ്ഞു.