ചാത്തന്നൂര്‍: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്. തിരുമുക്ക്-പരവൂര്‍ റോഡില്‍ പാലമുക്ക് ആനന്ദതീരത്തിന് സമീപമാണ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാല് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ചാത്തന്നൂര്‍ എന്‍എസ്എസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ ആദിത്യന്‍ (14), അദ്വൈത് (14), സംഗീത്(14), ശരത് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകിട്ട് 4.20 ഓടെ ആയിരുന്നു അപകടം. കൊല്ലം-പ്രാക്കുളം സ്വദേശി വിഷ്ണുവാണ് കാര്‍ ഓടിച്ചിരുന്നത്. തിരുമുക്കില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരവൂരിലേക്ക് പോകുന്നതിനായി കാറിന് കൈകാണിച്ച് കയറുകയായിരുന്നു. ആനന്ദതീരത്തിന് മുന്നിലെ വളവില്‍ വച്ച് കാര്‍ നിയന്ത്രണം തെറ്റി സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.