കരുതലും കൈത്താങ്ങും; കുന്നത്തൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 452 പരാതികള്‍, 113 എണ്ണം പരിഹരിച്ചു

Advertisement

കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന്റെ ഭാഗമായി കുന്നത്തൂര്‍ താലൂക്കില്‍ ലഭിച്ചത് 452 പരാതികള്‍. നേരത്തെ ലഭിച്ച 245 പരാതിയില്‍ 113 എണ്ണം പരിഹരിച്ച് മറുപടി നല്‍കി. അദാലത്ത് ദിവസം പുതിയതായി 207 പരാതികളാണ് ലഭിച്ചത്. ഇവ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

ശാസ്താംകോട്ട കെഎസ്എംഡിബി കോളേജില്‍ നടന്ന കുന്നത്തൂര്‍ താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ധനകാര്യ മന്ത്രി കെ. എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തേക്കാളും രണ്ടാംഘട്ട അദാലത്തിലെ ധാരാളം പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാനായതായി മന്ത്രി പറഞ്ഞു. നിരന്തരം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ദീര്‍ഘകാലമായി പരിഹാരം ആവാത്ത ഒട്ടേറെ പരാതികള്‍ക്ക് സര്‍ക്കാര്‍ സംവിധാനം ജനങ്ങളിലേക്ക് എത്തി പരിഹാരം കണ്ടെത്തി നല്‍കുകയാണ് അദാലത്തുകളുടെ പ്രത്യേകതയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് പരിപാടിയില്‍ അധ്യക്ഷയായ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, സബ് കലക്ടര്‍ നിഷാന്ത് സിഹാര, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുന്ദരേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍ ഗീത, ഡോ. സി ഉണ്ണികൃഷ്ണന്‍, വര്‍ഗീസ് തരകന്‍, കെ വത്സലകുമാരി, എസ് കെ ശ്രീജ, എസ് ശ്രീകുമാര്‍, ബിനു മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ്, വാര്‍ഡ് അംഗം എം രജനി, എ. ഡി. എം ജി. നിര്‍മല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.