കൊല്ലം: കായിക വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെല്‍ത്തി കിഡ്സ് പദ്ധതിക്ക് വാളകം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ തുടക്കമായി. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രൈമറിതലം മുതല്‍ തന്നെ കായിക പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ ഭാഗമാക്കുകയാണ് ലക്ഷ്യം. പൂര്‍ണ കായികക്ഷമതയുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതോടൊപ്പം ശരിയായ ശരീര വളര്‍ച്ചയ്ക്ക് അഭികാമ്യമായ കായിക പ്രവര്‍ത്തനങ്ങള്‍ എല്‍.പി തലം മുതല്‍ തുടങ്ങുന്നതാണ് ഈ പദ്ധതി.
പരിപാടിയില്‍ വാര്‍ഡ് അംഗം കെ. അജിത അധ്യക്ഷയായി. ഹെല്‍ത്തി കിഡ്സ് പദ്ധതി സ്റ്റേറ്റ് ഹെഡ് ഹരിപ്രഭാകരന്‍ പദ്ധതി വിശദീകരിച്ചു. വെളിയം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എസ് വിജയലക്ഷ്മി, വാളകം എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലാലി ജോണ്‍, വെളിയം ബിപിസിടിഎസ് ലേഖ, മുന്‍ ഹെഡ്മാസ്റ്റര്‍ വി. സുരേഷ്‌കുമാര്‍, പിടിഎ പ്രസിഡന്റ് സാം ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.