കരുനാഗപ്പള്ളി . യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയിലായി. ആദിനാട് തെക്ക്, കോമളത്ത് വീട്ടില്‍ സംഘം രാഹുല്‍ എന്ന രാഹുല്‍ (29), കാട്ടില്‍കടവ്, മടത്തില്‍ പടീറ്റതില്‍, അജ്മല്‍ (27), ആലപ്പാട്, വലിയവളവില്‍ വടക്കതില്‍, കള്ളന്‍ മഹേഷ് എന്ന മഹേഷ് (27), ആലുംകടവ്, മരു.വടക്ക് അതുല്‍ ഭവനത്തില്‍ അതുല്‍ (24), ആലുംകടവ്, വട്ടതറയില്‍ ആരോമല്‍ (22) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഡിസംബര്‍ 28 ന് വള്ളിക്കാവ് ജംഗ്ഷനില്‍ വെച്ച് രാഹുലും സംഘവും മുമ്താസിറും സുഹൃത്തും സഞ്ചരിച്ച് വന്ന ബൈക്ക് തടഞ്ഞ് നിര്‍ത്തി, ഇവരുടെ സുഹൃത്തായ ചിക്കുവിനെക്കുറിച്ച് അന്വേഷിച്ചു.ഇരുവരും ചിക്കു എവിടെ ആണെന്ന് അറിയില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്ന് രാഹുലും സംഘവും ഇടിക്കട്ടയും മറ്റു ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇതു കൂടാതെ വെളിയില്‍ മുക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്യാരംസ് കളിക്കുകയായിരുന്ന ഷംനാസിനോടുള്ള മുന്‍വിരോധം മൂലം രാഹുലും സംഘവും ഇവിടെയെത്തി ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പരിക്കേറ്റ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് ഒളിവില്‍ പോയ പ്രതികളെ പിടികൂടുകയായിരുന്നു. രാഹുലിന് എതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട കരുനാഗപ്പള്ളി, എസ് എസ് ഭവനത്തില്‍ സനല്‍ (36) നെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. കരുനാഗപ്പള്ളി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്ഐ മാരായ ഷമീര്‍, കണ്ണന്‍, ഷാജിമോന്‍, റഹീം എസ് സിപിഒ മാരായ ഹാഷിം, രാജീവ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.