മുക്കുപണ്ടം പണയംവെച്ച് ഒന്നരകോടി രൂപയുടെ തട്ടിപ്പ്: പിന്നില്‍ വന്‍ റാക്കറ്റ്

Advertisement

പത്തനാപുരം: തിരിച്ചറിയാന്‍ കഴിയാത്ത വിധം വ്യാജ സ്വര്‍ണം നിര്‍മിച്ച് സ്വകാര്യ ബാങ്കില്‍ പണയം വെച്ച് തട്ടിയത് ഒന്നരകോടി രൂപ. സ്വകാര്യ ബാങ്കിന്റെ പത്തനാപുരം, കുണ്ടയം, കലഞ്ഞൂര്‍ എന്നീ ശാഖകളിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ മാങ്കോട് വട്ടക്കാല പുത്തന്‍വീട്ടില്‍ ഷബീര്‍(35)നെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളും സുഹൃത്തുക്കളുമായ ഏഴു പേരുടെ പേരിലാണ് മൂന്ന് ശാഖകളിലുമായി ഇയാള്‍ മുക്കുപണ്ടം പണയം വച്ചത്.
കോട്ടയം വാരാപ്പുഴ സ്വദേശിയായ അനൂപ് ചന്ദ്രനാണ് മുഖ്യ സൂത്രധാരന്‍. ഇയാള്‍ ഒളിവിലാണന്നും ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. മാസങ്ങളുടെ ഇടവേളകളില്‍ പല ദിവസങ്ങളിലായിട്ടാണ് ഒര്‍ജിനലിനെ വെല്ലുന്ന തരത്തിലുള്ള മുക്കുപണ്ടം പണയംവെച്ചത്. ബാങ്കിന്റെ കുണ്ടയം ശാഖയില്‍ 721 ഗ്രാം പണയംവെച്ച് 36 ലക്ഷവും പത്തനാപുരം ശാഖയില്‍ നിന്ന് 6 ലക്ഷവും കലഞ്ഞൂര്‍ ശാഖയില്‍ നിന്ന് 56 ലക്ഷവുമാണ് തട്ടിപ്പ് നടത്തിയത്.
ചെറിയ തുക ആദ്യം എടുത്ത ഇവര്‍ പലിശയും മുതലും കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വസ്തരായി. പിന്നീട് വലിയ തുകയുടെ സ്വര്‍ണം പണയം വയ്ക്കുകയായിരുന്നു. ചില പണയങ്ങള്‍ പലിശ അടച്ച് പുതുക്കി കൂടുതല്‍ തുക എടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ബാങ്കില്‍ നടത്തിയ ഓഡിറ്റിലാണ് വ്യാജ സ്വര്‍ണം കണ്ടെത്തിയത്.
ബാങ്ക് ഉടമ വിജയന്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് കൂടുതല്‍ സ്വര്‍ണം പണയം വച്ചയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇയാളില്‍ നിന്നാണ് സൂത്രധാരനായ കോട്ടയം സ്വദേശി അനൂപ് ചന്ദ്രനെ പറ്റിയുള്ള വിവരം ലഭിച്ചത്. പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പത്തനാപുരം എസ്എച്ച്ഒ ബൈജു, എസ്‌ഐ ശരലാല്‍ എന്നിവര്‍ പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here