കരുനാഗപ്പള്ളി: യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. കരുനാഗപ്പള്ളി സ്വദേശികളായ മുമ്താസിറിനെയും സുഹൃത്തിനെയും ആക്രമിച്ച കേസിലെ പ്രതികളായ ആലുംകടവ് കോമളത്ത് വീട്ടില്‍ രാഹുല്‍ (29), കാട്ടില്‍കടവ് മടത്തില്‍ പടീറ്റതില്‍ അജ്മല്‍ (27), ആലപ്പാട് വലിയവളവില്‍ വടക്കതില്‍ മഹേഷ് (27), ആദിനാട് ആലുംകടവ് അതുല്‍ഭവനത്തില്‍ അതുല്‍ (24), ആലുംകടവ് വട്ടതറയില്‍ ആരോമല്‍ (22) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഡിസംബര്‍ 28ന് വള്ളിക്കാവ് ജങ്ഷനില്‍ വെച്ച് രാഹുലും സംഘവും മുമ്താസിറും സുഹൃത്തും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് ഒളിവില്‍ പോയ പ്രതികളെ പിടികൂടുകയായിരുന്നു. രാഹുലിന് എതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കേസില്‍ ഉള്‍പ്പെട്ട കരുനാഗപ്പള്ളി എസ്.എസ് ഭവനത്തില്‍ സനല്‍ (36) നെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു.