ശാസ്താംകോട്ട:കുന്നത്തൂരിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ദമ്പതികളെ റിമാൻ്റ് ചെയ്തു.കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതുമോൾ (32),ഭർത്താവ് സുരേഷ് (36) എന്നിവരെയാണ് ശാസ്താംകോട്ട കോടതി റിമാൻ്റ് ചെയ്തത്.പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷൻസ് കോടതി തള്ളിയിരുന്നു.തുടർന്ന് മൊബൈൽ ഫോൺ ഓഫാക്കിയ ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു.രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ ചവറയിലെ ബന്ധുവീട്ടിൽ നിന്നും എസ്എച്ച്ഒ കെ.ബി മനോജ് കുമാർ,എസ്.ഐമാരായ കെ.എച്ച് ഷാനവാസ്,രഘുനാഥ്,വനിതാ സിപിഒ സ്വാതി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.ആത്മഹത്യാപ്രേരണാ
കുറ്റമാണ് ഇരുവർക്കെതിരെയും ചുമത്തിയിരിക്കുന്നത്.കഴിഞ്ഞ ഡിസംബർ ഒന്നിന് പകൽ 12.45 ഓടെയാണ് കുന്നത്തൂർ അംബികോദയം എച്ച്.എസ്.എസ് ലെ പത്താം ക്ലാസ് വിദ്യാർത്ഥി കുന്നത്തൂർ പടിഞ്ഞാറ് ശിവരഞ്ജിനിയിൽ (ഗോപിവിലാസം) ഗോപു – രജ്ഞിനി ദമ്പതികളുടെ മകൻ ആദി കൃഷ്ണനെ (15) വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അയൽവാസികളും ബന്ധുക്കളുമായ ദമ്പതികളുടെ മാനസിക-ശാരീരിക പീഡനമാണ് കുട്ടിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കാട്ടി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.പ്രതികള്‍ കുട്ടിക്ക് കൊടുത്ത മൊബൈൽ ഫോൺ വഴി കുട്ടി കൂട്ടുകാർക്ക് മെസ്സേജ് അയക്കുകയുണ്ടായി.ഇതറിഞ്ഞ പ്രതികള്‍ കുട്ടിയെ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പ്രതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കുട്ടി ഡിലീറ്റ് ചെയ്തു.ഇത് മനസിലായ ഒന്നാം പ്രതി ഗീതുവും രണ്ടാം പ്രതി സുരേഷും കൂടി നവംബർ 30 ന് രാത്രി 9 മണിയോടെ കുട്ടിയുടെ വീട്ടിലെത്തി പോലീസിൽ കയറ്റുമെന്നും സൈബർ സെല്ലിൽ പരാതി കൊടുക്കുമെന്നും സ്കൂളിലും നാട്ടിലുമുളള നിന്റെ ഇമേജ് തകർക്കുമെന്നും ഭീഷണിപ്പെടുത്തി.മാത്രമല്ല ഒന്നാം പ്രതി കുട്ടിയുടെ ചെളളക്ക് കൈകൊണ്ട് അടിച്ചു വേദനിപ്പിക്കുകയും ചെയിതതിൽ വെച്ചുണ്ടായ മാനസിക പ്രയാസത്തിലും വിഷമത്തിലും മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.വീട്ടുകാർ ബാലാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങവേയാണ് കുട്ടി ജീവനൊടുക്കിയത്.സംഭവ സമയം ഭിന്നശേഷിക്കാരനായ ഇളയ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.പഠനത്തിലും
പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കനായിരുന്ന ആദികൃഷ്ണ രോഗികളും നിർദ്ധനരുമായ മാതാപിതാക്കളുടെയും സഹോദരൻ്റെയും ഏക പ്രതീക്ഷയായിരുന്നു.