ശാസ്താംനട: സിനിമാപറമ്പിൽ വീടിനോട് ചേർന്ന കൂട്ടിൽ കയറി ഒരു ലക്ഷം രൂപ വിലയുള്ള വിദേശ ഇനം വളർത്തു പക്ഷിയെയും കുഞ്ഞുങ്ങളെയും അകത്താക്കിയ മൂർഖൻ പാമ്പിനെ പിടികൂടി.സിനിമാപറമ്പ് എ.എസ് സ്ഥാപനങ്ങളുടെ ഉടമകളും പോരുവഴി കമ്പലടി സ്വദേശികളുമായ അജി- ഷാനവാസ് സഹോദരന്മാരുടെ വീട്ടിലാണ് സംഭവം.വീടിൻ്റെ മുൻവശത്ത് തയ്യാറാക്കിയ ഷീറ്റിട്ട കെട്ടിടത്തിൽ നെറ്റ് വിരിച്ച് വിദേശ ഇനത്തിൽപ്പെട്ട നിരവധി പക്ഷികളെ ഇവർ വളർത്തുന്നുണ്ട്.ഇന്ന് രാവിലെ 11 ഓടെ തടികൊണ്ട് തീർത്ത ചെറിയ കൂട്ടിൽ മുട്ട ഉണ്ടോയെന്നറിയാൻ കയ്യിടാൻ ഒരുങ്ങവേ ഉടമ ഷാനവാസിന് എന്തോ പന്തികേട് തോന്നി.പെട്ടന്ന് കൈ വലിച്ച ശേഷം നോക്കുമ്പോഴാണ് വലിയ മൂർഖൻ പാമ്പിനെ കണ്ടത്.
തലനാരിഴയ്ക്കാണ് കടിയേൽക്കാതെ ഇദ്ദേഹം രക്ഷപ്പെട്ടത്.വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിൻ്റെ സ്‌നേക്ക് റെസ്ക്യൂ അംഗമായ തൃശൂർ സ്വദേശിയും മൈനാഗപ്പള്ളിയിൽ താമസക്കാരനുമായ കുട്ടപ്പൻ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.8 അടിയിലധികം നീളവും 4 വയസ് പ്രായവും തോന്നിക്കുന്ന കൊടും അപകടകാരിയായ മൂർഖനെയാണ് പിടികൂടിയത്.തണുപ്പ് കാലം പാമ്പുകൾ ഏറെ ഇഷ്ടപ്പെടുന്നതിനാൽ ഭക്ഷണം തേടിയും ഇണചേരാനുമായി പാമ്പുകൾ വീടുകളുടെ പരിസരത്ത് ഉൾപ്പെടെ എത്താനുള്ള സാധ്യത കൂടുതലാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കുട്ടപ്പൻ പറഞ്ഞു.പിടികൂടിയ പാമ്പിനെ കോന്നി വനം വകുപ്പിന് പിന്നീട് കൈമാറി.