കൊല്ലം: സിറ്റി പോലീസ് പരിധിയില്‍ ഓട്ടോറിക്ഷ സ്റ്റാന്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ജില്ലയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ നിയമലംഘനം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂര്‍ എസിപിമാരും പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒമാരും പങ്കെടുത്തു. പൊതുജനങ്ങളുടെ സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണിത്. തിങ്കഴാഴ്ച നടത്തിയ പരിശോധനയില്‍ 884 ഓട്ടോറിക്ഷകളാണ് പരിശോധയ്ക്ക് വിധേയമാക്കിയത്. ഇതിന്റെ ഭാഗമായി 10 ഡ്രൈവര്‍മാര്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും 3 പേര്‍ക്കെതിരെ ലൈസന്‍സ് ഇല്ലാതെ സര്‍വീസ് നടത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തു. യൂണിഫോം ഉപയോഗിക്കാതിരുന്നതിന് 41 പേര്‍ക്കെതിരെ പിഴ ചുമത്തി. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങളുമായി സര്‍വീസ് നടത്തിയ 13 ഡ്രൈവര്‍മാര്‍ക്കെതിരെയും ഫിറ്റ്‌നസ് ഇല്ലാത്ത വാഹനം ഉപയോഗിച്ചതിന് ഒരാള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്.
ജില്ലയിലെ 60 ഓളം ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളില്‍ സ്റ്റേഷന്‍ പട്രോളിങ് വാഹനങ്ങളും കണ്‍ട്രോള്‍റൂം വാഹനങ്ങളും പരിശോധന നടത്തി. 15 ഇന്‍സ്‌പെക്ടര്‍മാരും 40 എസ്‌ഐമാരുമടക്കം 150 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ന്നും അപ്രതീക്ഷിതമായ ഇത്തരം പരിശോധനകള്‍ തുടരുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.