കുന്നത്തൂർ . പഞ്ചായത്തിലെ ഐവർകാലയിൽ കാട്ടുപന്നി ആക്രമണത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. അടൂർ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായ ഐവർകാല വേമ്പനാട്ട് കിഴക്കതിൽ വീട്ടിൽ അനിൽ വി. ആർ നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയ്ക്ക് വീടിന് സമീപത്തുള്ള ചായക്കടയിൽ ഇരിക്കുമ്പോഴാണ് ഓടിവന്ന കാട്ടുപന്നി അനിലിനെ കുത്തിയത്. കുന്നത്തൂർ പഞ്ചായത്തിൽ കാട്ടുപന്നി ശല്യംമൂലം കൃഷി മാത്രമല്ല ജനജീവിതം തന്നെ ദുസ്സഹമായിരിക്കുകയാണ്. കൂട്ടത്തിൽ തെരുവുനായ ശല്യം കൂടി ആയപ്പോൾ മനുഷ്യൻ നാടുവിട്ട് കാട്ടിൽ അഭയം തേടേണ്ട അവസ്ഥയാണെന്ന് കേരളാ കോൺഗ്രസ് എം കുറ്റപ്പെടുത്തി. കാട്ടുപന്നി തെരുവുനായ ശല്യത്തിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധപരിപാടികൾ നടത്താൻ കേരളാ കോൺഗ്രസ് എം കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് കുന്നത്തൂർ അശ്വനികുമാർ അധ്യക്ഷത വഹിച്ചു. തോട്ടം ജയൻ ഉത്ഘാടനം ചെയ്തു. ഡി. മുരളീധരൻ, ഐവർകാല സന്തോഷ്, ഭാനു, ഗിരീഷ്, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.