പടപ്പക്കര ഇരട്ടക്കൊലപാതകം: പ്രതിയുമായിപോലീസ് തെളിവെടുപ്പ് നടത്തി

Advertisement

കൊല്ലം: പടപ്പക്കരയില്‍ മാതാവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അഖിലിനെ അഞ്ചുദിവസത്തേക്ക് കുണ്ടറ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തുടര്‍ന്ന് ഇന്നലെ അഖിലുമായി പോലീസ് കൊലപാതകശേഷം അഖില്‍ മൊബൈല്‍ വിറ്റ കൊട്ടിയത്തെ മൊബൈല്‍ കടയിലും കൊലപാതകം നടന്ന വീട്ടിലും എത്തിച്ചു തെളിവെടുപ്പ് നടത്തി.
ഇന്നലെ ഉച്ചയോടെയാണ് മാതാവിന്റെ മൊബൈല്‍ വിറ്റ കൊട്ടിയത്തെ മൊബൈല്‍ കടയില്‍ അഖിലിനെ എത്തിച്ചത്. തുടര്‍ന്ന് വൈകിട്ടോടെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
മാതാവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയത് എങ്ങനെയെന്ന് അഖില്‍ പോലീസിനോട് വിവരിച്ചു. തുടര്‍ന്ന് ഇയാള്‍ ഒളിപ്പിച്ചുവെച്ചിരുന്ന തന്റെയും മാതാവിന്റെയും സിം കാര്‍ഡുകളും പോലീസിന് കൈമാറി.
കഴിഞ്ഞ ഓഗസ്റ്റ് 16നാണ് മാതാവ് പുഷ്പലതയെ അഖില്‍ കൊലപ്പെടുത്തിയത്. അഖിലിന്റെ ആക്രമണത്തിനിരയായ മുത്തച്ഛന്‍ ആന്റണി ചികിത്സയിലിരിക്കെ രണ്ടുദിവസത്തിന് ശേഷം മരിച്ചു. കശ്മീരിലെ ശ്രീനഗറില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഖിലിനെ കഴിഞ്ഞ ദിവസമാണ് കുണ്ടറ പോലീസ് കശ്മീരില്‍ എത്തി അറസ്റ്റ് ചെയ്തത്.

Advertisement