പത്തനാപുരത്ത് മുക്കുപണ്ടം പണയംവെച്ച് ഒന്നരക്കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍

Advertisement

പത്തനാപുരം: വ്യാജ സ്വര്‍ണം നിര്‍മിച്ച് സ്വകാര്യ ബാങ്കില്‍ പണയം വെച്ച് ഒന്നരക്കോടി രൂപ തട്ടിയ സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. കോട്ടയം പെരുവ സ്വദേശി അനൂപ് ചന്ദ്രനാണ് തമിഴ്‌നാട് ഇ-റോഡില്‍ വെച്ച് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സ്വകാര്യ ബാങ്കിന്റെ പത്തനാപുരം, കുണ്ടയം, കലഞ്ഞൂര്‍ എന്നീ ശാഖകളിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ മാങ്കോട് വട്ടക്കാല പുത്തന്‍വീട്ടില്‍ ഷബീര്‍(35)നെ പത്തനാപുരം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് അനൂപ് ചന്ദ്രനെപറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.
എട്ടുപേരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ സാഹസികമായി വലയിലാക്കിയത്. പ്രതിയുമായി പോലീസ് പത്തനാപുരത്തേക്ക് യാത്രതിരിച്ചു. ബാങ്കിന്റെ കുണ്ടയം ശാഖയില്‍ 721 ഗ്രാം പണയംവെച്ച് 36 ലക്ഷവും പത്തനാപുരം ശാഖയില്‍ നിന്ന് 6 ലക്ഷവും കലഞ്ഞൂര്‍ ശാഖയില്‍ നിന്ന് 56 ലക്ഷവുമാണ് തട്ടിപ്പ് നടത്തിയത്.
ചെറിയ തുക ആദ്യം എടുത്ത ഇവര്‍ പലിശയും മുതലും കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വസ്തരായി. പിന്നീട് വലിയ തുകയുടെ സ്വര്‍ണം പണയം വയ്ക്കുകയായിരുന്നു. ചില പണയങ്ങള്‍ പലിശ അടച്ച് പുതുക്കി കൂടുതല്‍ തുക എടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ബാങ്കില്‍ നടത്തിയ ഓഡിറ്റിലാണ് വ്യാജ സ്വര്‍ണം കണ്ടെത്തിയത്. ബാങ്ക് ഉടമ വിജയന്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് കൂടുതല്‍ സ്വര്‍ണം പണയം വച്ചയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇയാളില്‍ നിന്നാണ് സൂത്രധാരനായ കോട്ടയം സ്വദേശി അനൂപ് ചന്ദ്രനെ പറ്റിയുള്ള വിവരം ലഭിച്ചത്. വിശദമായി ചോദ്യം ചെയ്താലേ സ്വര്‍ണ്ണം എവിടെ നിര്‍മ്മിച്ചു എന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.