പുനലൂര്‍: പുനലൂര്‍ കെഎസ്ഇബി പരിസരത്ത് അഗ്‌നിബാധ. ജീവനക്കാരുടെയും ഫയര്‍ഫോഴ്‌സിന്റെയും അവസരോചിതമായ ഇടപെടല്‍ ദുരന്തം ഒഴിവാക്കി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
ഇടമണ്‍ സബ്‌സ്റ്റേഷനില്‍ നിന്നുമുള്ള പ്രധാന വൈദ്യുതിലൈന്‍ കെഎസ്ഇബി പരിസരത്തുണ്ടായിരുന്ന ഉപയോഗശൂന്യമായ പാഴ് വസ്തുക്കള്‍ക്ക് മുകളിലേക്ക് പൊട്ടിവീണ് തീപ്പിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ കമ്പി പൊട്ടിവീണതുകേട്ട് ജീവനക്കാര്‍ എത്തുമ്പോള്‍ തീ പടര്‍ന്നിരുന്നു. ഉടന്‍തന്നെ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുകയും ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. അമിതമായ ചൂടും വൈദ്യുതിയുടെ അതിപ്രസരവുമാകാം കമ്പി പൊട്ടിവീഴാന്‍ കാരണമാണെന്നാണ് കെഎസ്ഇബി ജീവനക്കാരുടെ പ്രാഥമിക നിഗമനം.