ശാസ്താംകോട്ട:പോരുവഴി പഞ്ചായത്ത് എട്ടാം വാർഡിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച കർഷകത്തൊഴിലാളി അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ സോമൻ്റെ(52) മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടിലെത്തിച്ച ശേഷം വൈകിട്ടോടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് സംസ്ക്കരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് അമ്പലത്തുംഭാഗം ദിനിൽ ഭവനിൽ ഗോപി,കണിയാകുഴിയിൽ ശശി എന്നിവരെ ശൂരനാട് പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ സി.ഐ ജോസഫ് ലിയോൺ,എസ്.ഐ ദീപു പിള്ള എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.കസ്റ്റഡിയിൽ ഉള്ളവർ തന്നെയാണ് ഇവരുടെ കൃഷിഭൂമിയോട് ചേർന്നുള്ള കമ്പിവേലിയിൽ വൈദ്യുതി കടത്തിവിട്ടതെന്ന് സമ്മതിച്ചിട്ടുണ്ട്.ഇന്ന് രാവിലെ വീടിന് അടുത്തുള്ള കണിയാകുഴി ഏലായിൽ മരിച്ചു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.കാട്ടുപന്നി ശല്യം രൂക്ഷമായ എലായിൽ പന്നിയെ തുരത്താൻ കൃഷിയിടത്തിന് ചുറ്റുമായി സ്ഥാപിച്ച കമ്പി വേലിയിൽ വൈദ്യുതി കടത്തി വിട്ടിരുന്നതായും ഇതിൽ തട്ടി ഷോക്കേറ്റാണ് മരണമെന്നുമാണ് നിഗമനം.ബുധൻ രാത്രിയിൽ സോമൻ വീട്ടിലെത്തിയിരുന്നില്ല.വൈകിട്ട് 7 വരെ ഇദ്ദേഹത്തെ പ്രദേശവാസികൾ കണ്ടിരുന്നു.ഭാര്യ ബിന്ദു പോലീസിൽ പരാതി നൽകാൻ ഒരുങ്ങവേയാണ് രാവിലെ എട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.ദമ്പതികൾക്ക് മക്കളില്ല.