പത്തനാപുരം : മുക്കുപണ്ടം പണയം വച്ച് കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതികൾ പിടിയിൽ.
വിവിധ ഫിനാൻസ് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് കോടികൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ കൂടി പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. മുക്കുപണ്ടം നിർമ്മിച്ചു നൽകിയ വൈക്കം തലയാട് മനയ്ക്കൽ ചിറ വീട്ടിൽ ബിജു (44), ബിജുവിൻറെ സഹായിയും വിതരണക്കാരനുമായ കോട്ടയം മുളകുളം പെരുവ ആര്യാപ്പിള്ളിൽ ഹൗസിൽ അനു ചന്ദ്രൻ (35) എന്നിവരെയാണ് പത്തനാപുരം പോലീസ് തന്ത്രപരമായി പിടികൂടിയത്. ഇവരുടെ കൂട്ടാളിയായ പത്തനാപുരം മാങ്കോട് സ്വദേശി മുഹമ്മദ് ഷബീറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതികളെ കൊല്ലം റൂറൽ എസ് .പി . സാബു മാത്യു ചുമതലപ്പെടുത്തിയ പുനലൂർ ഡി . വൈ . എസ്.പി പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടിലെ ഈറോഡിലെ ഒളിത്താവളത്തിൽ നിന്നും വിദഗ്ധമായി പിടികൂടുകയായിരുന്നു.
പത്തനാപുരം സി.ഐ.ആർ .ബിജു, എസ് .ഐ .ശരലാൽ, ഗ്രേഡ് എസ് .ഐ . ആമീൻ, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, ബോബിൻ, ആദർശ്, അരുൺ, സൈബർ എക്സ്പെർട്ട് മഹേഷ് എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി വിദഗ്ധമായി പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികൾസംസ്ഥാന അന്തർ സംസ്ഥാന തലത്തിൽ വ്യാപകമായി പല രീതിയിൽകൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ, കൂടുതൽ പേർ പ്രതി പട്ടികയിൽ കണ്ണികളായിട്ടുണ്ടോ എന്നും പൊലീസ് അന്വഷിച്ചു വരുന്നു. പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലിസ് അറിയിച്ചു.