പോരുവഴിയിൽ പന്നികെണിയിൽ നിന്നും ഷോക്കേറ്റ് കർഷക തൊഴിലാളി മരിച്ച സംഭവം;രണ്ട് പേർ റിമാൻ്റിൽ
ശാസ്താംകോട്ട:പന്നികെണിയിൽ നിന്നും ഷോക്കേറ്റ് കർഷക തൊഴിലാളി മരിച്ച സംഭവത്തിൽ ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.പോരുവഴി അമ്പലത്തുംഭാഗം ദിനിൽ ഭവനിൽ ഗോപി (69),കണിയാകുഴി വീട്ടിൽ ശശി (70) എന്നിവരെയാണ് റിമാൻ്റ് ചെയ്തത്.കർഷക തൊഴിലാളിയായ അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ സോമൻ(52) കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ചിരുന്നു.അയൽവാസികളും ബന്ധുക്കളുമാണ് പ്രതികൾ ഇരുവരും.ഗോപിയുടെ വീട്ടിൽ നിന്നുമാണ് ശശി തൻ്റെ കൃഷിയിടത്തിലെ വേലിയിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നത്.വസ്തു ഉടമയായ ശശിയാണ് മരിച്ച നിലയിൽ കണിയാകുളം ഏലായിൽ രാവിലെ എട്ടോടെ സോമനെ ആദ്യം കണ്ടതും നാട്ടുകാരെ വിവരമറിയിച്ചതും.കാട്ടുപന്നിയെ തുരത്താൻ അനധീകൃതമായി സ്ഥാപിച്ച വൈദ്യുതി കെണിക്ക് അരികിലൂടെ നടന്നുപോകവേ അറിയാതെ സ്പർശിച്ചതാകാം മരണകാരണമെന്നാണ് നിഗമനം.തലേദിവസം രാത്രിയിൽ മരണപ്പെട്ട സോമൻ വീട്ടിലെത്തിയിരുന്നില്ല.പിറ്റേ ദിവസം രാവിലെ ഭാര്യ ബിന്ദു പോലീസിൽ പരാതി നൽകാൻ മൃതദേഹം കണ്ടെത്തിയത്.പോരുവഴി പഞ്ചായത്തിലെ മുഴുവൻ ഏലാ കളിലും കാട്ടുപന്നി ശല്യം അതി രൂക്ഷമാണ്.കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും പതിവായിട്ടും പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിച്ചിരുന്നില്ല.ഈ സാഹചര്യത്തിൽ കർഷകർ സ്വന്തം നിലയ്ക്ക് പന്നിയെ തുരത്താൻ രംഗത്തിറങ്ങിയതാണ് ഒരു ജീവൻ നഷ്ടപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയത്.