മൈനാഗപ്പള്ളിയില്‍ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്; ഭര്‍ത്താവ് അറസ്റ്റില്‍

Advertisement

ശാസ്താംകോട്ട: യുവതിയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൂര കൊലപാതകമെന്ന് പൊലീസ്. മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് ക്ഷേത്രത്തിന് സമീപം ദിയ ഭവനില്‍ രാജീവിന്റെ ഭാര്യ ശ്യാമ (26) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായര്‍ രാത്രി 9-ഓടെയാണ് സംഭവം. ഭാര്യ അവശനിലയിലാണെന്നും ആശുപത്രിയിലെത്തിക്കാന്‍ വാഹനം പിടിച്ച് തരണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് വീടിന് സമീപം ക്ഷേത്രോത്സവം നടക്കുന്ന ഭാഗത്തെത്തി നാട്ടുകാരെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
നാട്ടുകാരെത്തി നോക്കുമ്പോള്‍ തറയില്‍ കിടക്കുന്ന നിലയിലാണ് ശ്യാമയെ കാണപ്പെട്ടത്.

രാജീവ്

ഉടന്‍ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. യുവതിയുടെ മരണത്തിന് പിന്നാലെ രാജീവ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് രാജീവ് പറഞ്ഞു. കൊലക്ക് പിന്നിലെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു.