ശാസ്താംകോട്ട:യുവതിയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് രാജീവ് (38) നിരവധി കേസ്സുകളിലെ പ്രതിയെന്ന് പോലീസ്.കല്ലുകടവിൽ ഇയ്യാൾ നടത്തി വരുന്ന കടയിലൂടെ മദ്യവും കഞ്ചാവും വില്പന നടത്തുന്നത് പതിവായിരുന്നു.നിരവധി പതിവ് കസ്റ്റമേഴ്സും ഉണ്ടായിരുന്നുവത്രേ.ഇതിനാൽ നിരന്തരം പോലീസിൻ്റെയും എക്സൈസിൻ്റെയും പരിശോധനയും ഇവിടെ നടക്കാറുണ്ടായിരുന്നു.ജോലിക്കിടയിൽ മെഷീനിൽ തട്ടി കൈപ്പത്തി നഷ്ടമായതിനെ തുടർന്ന് ജീവിതമാർഗമെന്ന നിലയിൽ കൊല്ലപ്പെട്ട ശ്യാമ(26)യുടെ വീട്ടുകാരാണ് രാജീവിന് കല്ലുകടവിൽ കടവച്ച് നൽകിയത്.നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച്
കല്ലേലിഭാഗം സ്വദേശിയായ രാജീവിനൊപ്പം ശ്യാമ ഇറങ്ങിപ്പോകുകയായിരുന്നു.
സഹോദരിയുടെ ജീവിതം അത്ര പന്തിയല്ലെന്നു മനസിലാക്കിയ സഹോദരന്മാരുടെ ഇടപെടലിനെ തുടർന്നാണ് മാതാപിതാക്കളുടെ മനസലിഞ്ഞത്.തുടർന്ന് കുടുംബവീടിനോട് ചേർന്നുണ്ടായിരുന്ന ഭൂമിയിലെ തർക്കം പരിഹരിച്ച് ശ്യാമയുടെ പേരിൽ പിതാവ് വാങ്ങി നൽകുകയും അതിൽ ചെറിയൊരു വീട് വച്ച് നൽകുകയും ചെയ്തു.ഇതിനിടയിലാണ് അപകടത്തിൽ രാജീവിൻ്റെ കൈപ്പത്തി നഷ്ടപ്പെട്ടത്.സ്ഥിരം മദ്യപാനിയായ ഇയാൾ നേരാംവണ്ണം കുടുംബം നോക്കിയിരുന്നില്ല.വഴക്കും മർദ്ദനവും പതിവായിരുന്നു.ഇതിനാൽ രണ്ട് ചെറിയ പെൺകുട്ടികൾ അടക്കമുള്ളവരുടെ കാര്യങ്ങൾ നോക്കിയിരുന്നത് ശ്യാമയുടെ വീട്ടുകാരായിരുന്നു.എല്ലാവരോടും അടുത്തിടപഴകുന്ന സൗമ്യ ശീലക്കാരിയായിരുന്നു ശ്യാമയെന്നാണ് പരിസരവാസികൾ പറയുന്നത്.മരണപ്പെടുന്ന ദിവസം പകൽ തൊട്ടടുത്ത വീട്ടിലെ വിവാഹ നിശ്ചയത്തിൻ്റെ പന്തൽ കെട്ടിയിരുന്നത് ശ്യാമയുടെ വീട്ടുമുറ്റത്തായിരുന്നു.സ്വന്തം
വീട്ടിലെ കാര്യം പോലെ എല്ലാത്തിനും ഓടി നടന്നതാണ് ശ്യാമ എന്നും അത് അവസാന കാഴ്ചയായിരിക്കുമെന്ന് ഒരിക്കലും ചിന്തിച്ചില്ലെന്നും പരിസരവാസികൾ കണ്ണീരോടെ പറയുന്നു.
മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രത്തിനു സമീപം ദിയ ഭവനിൽ രാജീവിൻ്റെ ഭാര്യ ശ്യാമ (26) ദുരുഹ സാഹചര്യത്തിൽ മരിച്ചത് ഞായർ രാത്രി 9 ഓടെയാണ്.ഭാര്യ അവശനിലയിലാണെന്നും ആശുപത്രിയിലെത്തിക്കാൻ വാഹനം പിടിച്ച് തരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് വീടിന് സമീപം ക്ഷേത്രോത്സവം നടക്കുന്ന ഭാഗത്തെത്തി നാട്ടുകാരെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.നാട്ടുകാരെത്തി നോക്കുമ്പോൾ തറയിൽ കിടക്കുന്ന നിലയിലാണ് ശ്യാമയെ കാണപ്പെട്ടത്.കഴുത്തിൽ പാടും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം പിന്നീട് കൊല്ലം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനന്തര നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.സംഭവത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരുഹത ആരോപിച്ച് രംഗത്തെത്തിയതോടെ ഭർത്താവ് രാജീവിനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രാത്രി വൈകിയും നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഇയ്യാൾ കുറ്റം സമ്മതിച്ചത്.വഴക്കിനിടയിൽ ഭാര്യയുടെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഭർത്താവിൻ്റെ കുറ്റസമ്മതം.സംഭവ ദിവസം ഉച്ചമുതൽ വീട്ടിൽ വഴക്ക് നടന്നതായും രാജീവ് മക്കളായ ദിയ,ദക്ഷ എന്നിവരുടെ മുമ്പിൽ വച്ച് പല തവണ ശ്യാമയെ മർദ്ദിച്ചിരുന്നതായും പറയപ്പെടുന്നു.മിക്കവാറും ദിവസങ്ങളിൽ ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുന്നത് പതിവായിരുന്നെന്നും ക്രൂര മർദ്ദനത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നും നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു.