മൈനാഗപ്പള്ളിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് മക്കളുടെ മുന്നില്‍ വച്ചു ക്രൂര മര്‍ദ്ദനം നടത്തി

Advertisement

ശാസ്താംകോട്ട:മൈനാഗപ്പള്ളി മണ്ണൂർക്കാവിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസ്സിൽ ഭർത്താവിനെ റിമാൻ്റ് ചെയ്തു.കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി രാജീവിനെയാണ് (38) ശാസ്താംകോട്ട കോടതി റിമാൻ്റ് ചെയ്തത്.മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രത്തിനു സമീപം ദിയ ഭവനിൽ ശ്യാമയെ(26) വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം രാത്രി 9ഓടെയാണ്.ഭാര്യ അവശനിലയിലാണെന്നും ആശുപത്രിയിലെത്തിക്കാൻ വാഹനം പിടിച്ച് തരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് വീടിന് സമീപം ക്ഷേത്രോത്സവം നടക്കുന്ന ഭാഗത്തെത്തി നാട്ടുകാരെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

നാട്ടുകാരെത്തി നോക്കുമ്പോൾ തറയിൽ കിടക്കുന്ന നിലയിലാണ് ശ്യാമയുടെ മൃതദേഹം കാണപ്പെട്ടത്.ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം പിന്നീട് കൊല്ലം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനന്തര നടപടികൾ പൂർത്തിയാക്കിയ ശേഷം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.സംഭവത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരുഹത ആരോപിച്ച് രംഗത്തെത്തിയതോടെ പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവ് രാജീവിനെ വിശദമായി ചോദ്യം ചെയ്തെങ്കിലും പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല.രാത്രി വൈകിയും നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഇയ്യാൾ കുറ്റം സമ്മതിച്ചത്.വഴക്കിനിടയിൽ ഭാര്യയുടെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഭർത്താവിൻ്റെ കുറ്റസമ്മതം.

സംഭവ ദിവസം ഉച്ചമുതൽ വീട്ടിൽ വഴക്ക് നടന്നതായും രാജീവ് മക്കളായ ദിയ രാജ്,ദക്ഷ രാജ് എന്നിവരുടെ മുമ്പിൽ വച്ച് പല തവണ ശ്യാമയെ മർദ്ദിച്ചിരുന്നതായും പറയപ്പെടുന്നു.മിക്കവാറും ദിവസങ്ങളിൽ ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുന്നത് പതിവായിരുന്നെന്നും ക്രൂര മർദ്ദനത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നും നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു.