ശാസ്താംകോട്ട:മൈനാഗപ്പള്ളി മണ്ണൂർക്കാവിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസ്സിൽ അറസ്റ്റിലായ ഭർത്താവിനെ സംഭവം നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർ കയ്യേറ്റം ചെയ്തു.ചൊവ്വാഴ്ച പകൽ 12.30 ഓടെയാണ് പ്രതിയുമായി ശാസ്താംകോട്ട പോലീസ് മണ്ണൂർക്കാവിൽ കൊലപാതകം നടന്ന വീട്ടിലെത്തിയത്.പോലീസ് വാഹനത്തിൽ നിന്നും പ്രതിയുമായി ഇറങ്ങവേയാണ് നാട്ടുകാരിൽ ചിലർ പ്രതിയെ കൈകാര്യം ചെയ്തത്.തെളിവെടുപ്പ് പൂർത്തിയായ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതി കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി രാജീവിനെ(38) റിമാൻ്റ് ചെയ്തു.മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രത്തിനു സമീപം ദിയ ഭവനിൽ ശ്യാമയെ(26) വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം രാത്രി 9ഓടെയാണ്.സംഭവത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരുഹത ആരോപിച്ച് രംഗത്തെത്തിയതോടെ പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവ് രാജീവിനെ വിശദമായി ചോദ്യം ചെയ്തെങ്കിലും പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല.രാത്രി വൈകിയും നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഇയ്യാൾ കുറ്റം സമ്മതിച്ചത്.വഴക്കിനിടയിൽ ഭാര്യയുടെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഭർത്താവിൻ്റെ കുറ്റസമ്മതം.