കൊട്ടിയം കെഎസ്ഇബി സബ് സ്റ്റേഷന്റെ അതീവ സുരക്ഷാ മേഖലയിലെ തീപ്പിടിത്തം: അധികൃതരുടെ അനാസ്ഥ കാരണം

Advertisement

കൊട്ടിയം: കെഎസ്ഇബിയുടെ അനാസ്ഥ കാരണം സബ് സ്റ്റേഷന്റെ അതീവ സുരക്ഷാ മേഖലയില്‍ തീപ്പിടിത്തം. വൈദ്യുതി ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ വൈദ്യുതി ബോര്‍ഡിന്റെ കൊട്ടിയത്തുള്ള 110 കെ.വി സബ്‌സ്റ്റേഷനിലാണ് തീപ്പിടിത്തം ഉണ്ടായത്. സബ്‌സ്റ്റേഷന്‍ വളപ്പില്‍ വളര്‍ന്നു നിന്നിരുന്ന പുല്ലുകള്‍ക്കാണ്
ആദ്യം തീ പിടിച്ചത്. തുടര്‍ന്ന് തീ ആളിപടരുകയായിരുന്നു. കേബിളുകളിലേക്കും പാഴ് വസ്തുക്കളിലേക്കും തീ ആളി പടര്‍ന്നു. സബ്‌സ്റ്റേഷന്‍ വളപ്പില്‍ നിന്നും കറുത്ത പുകയും തീയും ഉയര്‍ന്നതോടെ ഉദ്യോഗസ്ഥരും ജനങ്ങളും പരിഭ്രാന്തരായി. തുടര്‍ന്ന് സബ് സ്റ്റേഷന്‍ ഓഫ് ചെയ്ത് ഫീഡറുകള്‍ വിച്ഛേദിച്ചു.
സംഭവം അറിഞ്ഞ് കൊല്ലം, പരവൂര്‍ എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേന അംഗങ്ങള്‍ എത്തി ഏറെനേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടാരാതിരുന്നതിനാല്‍ വലിയ നാശനഷ്ടം ഒഴിവായി. തീപ്പിടിത്തത്തെ തുടര്‍ന്ന് പരിസരമാകെ കേബിള്‍ കത്തി ഉണ്ടായ കറുത്ത പുക കൊണ്ട് നിറഞ്ഞിരുന്നു.
സബ്‌സ്റ്റേഷന് പുറകിലെ ഗേറ്റിനടുത്തായാണ് തീപ്പിടിത്തം ഉണ്ടായത്. സബ്‌സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ടിരുന്ന കേബിളുകള്‍ വലിച്ചുകൊണ്ടു പോകാന്‍ വേണ്ടി മണ്ണിനടിയില്‍ കുഴിച്ചിടുന്ന എച്ച്ഡി സ്ലീവ് കേബിളാണ് കൂടുതലായും കത്തി നശിച്ചത്. സബ് സ്റ്റേഷനില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തീപ്പൊരിയോ വഴിയാത്രക്കാര്‍ വലിച്ചെറിഞ്ഞ ബീഡി, സിഗരറ്റ് കുറ്റിയില്‍ നിന്നോ ആകാം തീപ്പിടിത്തം ഉണ്ടായതെന്ന് കരുതുന്നു. കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here