കടയ്ക്കൽ: കരിയില വാരിക്കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ തീപ്പൊള്ളലേറ്റ യുവതി മരിച്ചു. ഇട്ടിവ തുടയന്നൂർ മണലുവട്ടം ദർഭക്കുഴിവിള വീട്ടിൽ ബാബുരാജിന്റെ ഭാര്യ പ്രമിത (31) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. വീടിന്റെ മുന്നിലെ കരിയില തൂത്തു കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ പ്രമിത ധരിച്ചിരുന്ന നൈറ്റിയിൽ തീപിടിക്കുകയും കത്തിക്കയറുകയുമായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തി തീ കെടുത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആദ്യം കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രി 11 ഓടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് ബാബുരാജ് വിദേശത്താണ്. മക്കൾ: ശ്രീക്കുട്ടി, ശ്രീനന്ദ