ഗൃഹനാഥൻ്റെ ആത്മഹത്യ;ആരോപണ വിധേയനായ സിപിഎം നേതാവിനെ പൊലീസ് സംരക്ഷിക്കുന്നതായി കോൺഗ്രസ്

Advertisement

ശാസ്താംകോട്ട:ശൂരനാട്‌ വടക്ക് ഗ്രാമപഞ്ചായത്തംഗം ശ്രീലക്ഷമിയുടെ ഭർത്താവ് ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് അമൃതയിൽ ബിജു(53) ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ഈ മാസം മൂന്നിനാണ് ഓച്ചിറയ്ക്കടുത്ത് ചങ്ങൻകുളങ്ങര ലെവൽക്രോസിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ ബിജുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.വിമുക്തഭടനായ ബിജു അംഗപരിമിതികൾ ഉള്ളതും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വർഷങ്ങളായി ചികിത്സ നടത്തി വരുന്നയാളുമാണ്.സൈനിക സേവനത്തിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ ബിജുവിൽ നിന്നും വലിയൊരു തുക പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൻ്റെ പേരിൽ അയൽവീട്ടുകാർ വാങ്ങിയിരുന്നു.എന്നാൽ ആർ.ഡി ഏജൻ്റായ സ്ത്രീ പണം പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചിരുന്നില്ല.പിന്നീട്
പണം തിരികെ ചോദിച്ച ബിജുവിനെ ഇവരും പ്രാദേശിക സിപിഎം നേതാവുമായ മകനും ചേർന്ന് നിരവധി തവണ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി കുടുംബം പറയുന്നു.വ്യക്തിഹത്യ ചെയ്യുന്നതും പതിവായിരുന്നു.ബിജു ആത്മഹത്യ ചെയ്യുന്നതിൻ്റെ തലേ ദിവസം ഭാര്യയുടെയും മകളുടെയും മുമ്പിൽ വച്ച്
സിപിഎം നേതാവ് ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയും ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതത്രേ.ബിജു എഴുതിയ ആത്മഹത്യാ കുറിപ്പിൽ സിപിഎം നേതാവിൻ്റെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് പേര് സഹിതം വെളിപ്പെടുത്തിയിരുന്നു.എന്നാൽ ശൂരനാട് പൊലീസിനു മുന്നിൽ ആത്മഹത്യാ കുറിപ്പ് തെളിവായി ലഭിച്ചിട്ടും ആരോപണ വിധേയനെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.ഭരണസ്വാധീനത്തിനു വഴങ്ങിയാണ് നടപടിയെടുക്കാൻ പൊലീസ് തയ്യാറാകാത്തതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.അടിയന്തിരമായി ആരോപണവിധേയനായ വ്യക്തിക്കെതിരെ ആത്മഹത്യാപ്രരണകുറ്റം ചുമത്തി നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം കോൺഗ്രസ് നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തുമെന്നും മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വേണുഗോപാല കുറുപ്പ്,പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.ശ്രീകുമാർ,മണ്ഡലം പ്രസിഡൻ്റുമാരായ ആർ.നളിനാക്ഷൻ,പ്രസന്നൻ വില്ലാടാൻ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here