ഓയൂര്‍: അനുജനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച ജ്യേഷ്ഠന്‍ അറസ്റ്റില്‍. കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം ശ്രീവത്സത്തില്‍ മനു (53) വിനാണ് വെട്ടേറ്റത്. സംഭവത്തില്‍ ജ്യേഷ്ഠന്‍ ആറ്റൂര്‍കോണം കരമന വീട്ടില്‍ സന്തോഷ് കുമാറി (57) നെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇരുവരും തമ്മില്‍ കുടുംബപരമായി വസ്തുതര്‍ക്കം നിലനില്‍ക്കുകയാണ്. സന്തോഷ് ചാരായക്കേസിലും പെട്രോള്‍ പമ്പിലെ അടിപിടി കേസിലും പ്രതിയായിരുന്നു. ചാരായക്കേസില്‍ തന്റെ അനുജനാണ് പോലീസില്‍ വിവരം ധരിപ്പിച്ച് തന്നെ അറസ്റ്റ് ചെയ്യിപ്പിച്ചതെന്ന് ആരോപിച്ച് അനുജനുമായി തര്‍ക്കമുണ്ടാക്കുക പതിവായിരുന്നുവെന്നും ഇതേ കാരണങ്ങള്‍ പറഞ്ഞാണ് അനുജനെ വെട്ടിപരിക്കേല്‍പ്പിച്ചതെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റ മനുവിനെ നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. മാരകമായി പരിക്കേറ്റ മനു മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.