കൊല്ലം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ യൂണിഫോം അലവൻസ് ഈ അധ്യയന വർഷം അവസാനിക്കാറായിട്ടും ഇതുവരെയും നൽകിയിട്ടില്ല ഈ തുക ഉടൻ ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മാനേജേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്നുവർഷമായി എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് യൂണിഫോം അലവൻസ് ലഭിക്കുന്നില്ല ഇത് എയ്ഡഡ് സ്കൂൾ കുട്ടികളോട് കാണിക്കുന്ന വിവേചനമാണെന്ന് മാനേജേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. സർക്കാർ ഈ കാര്യം ഗൗരവമായി കാണേണ്ടതാണ്. ഇനിയും കുട്ടികൾക്ക് അവകാശപ്പെട്ട യൂണിഫോം അലവൻ നിഷേധിക്കുകയാണെങ്കിൽ മാനേജേഴ്സ് അസോസിയേഷൻ കോടതിയെ സമീപിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ എട്ട് വരെ പഠിക്കുന്ന ഓരോ വിദ്യാർത്ഥിക്കും പ്രതിവർഷം 600 രൂപ വീതം സർക്കാർ യൂണിഫോം അലവൻസ് നൽകി വരുന്നതാണ്. ഉച്ചഭക്ഷണ പദ്ധതിയിലും സൗജന്യ യൂണിഫോം നൽകുന്നതിലും സർക്കാർ കാണിക്കുന്നഅനാസ്ഥപൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുന്നു എന്നും യോഗം അഭിപ്രായപ്പെട്ടു.കെ.പി.എസ്. എം.എ പ്രൈവറ്റ്(എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 24,25 തീയതികളിൽ കൊല്ലത്ത് നടക്കും. ആശ്രാമം സ്മാൾസ്കെയിൽ ഇൻറസ്ട്രീസ് അസോസിയേഷൻ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം 25 ന് രാവിലെ 9 ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
കൊല്ലം മർച്ചൻ്റ് അസോസിയേഷൻ ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻറ് മുരളി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വി.ഉല്ലാസ് രാജ് ഭാരവാഹികളായ ജെ.ഗോപകുമാർ, ജി.മനോഹരൻ നായർ ,കെ.ബി. ലക്ഷ്മി കൃഷ്ണ, അനിൽ തടിക്കാട്, എ.എൽ.ഷിഹാബ്, എ.എസ്. അൻസാരി, പി.എസ്.വിലാസ്, പി.തങ്കച്ചൻ, എസ്.രമേഷ് കുമാർ, വി.കെ.രാജീവ്, സി.ആർ.രാധാകൃഷ്ണപിള്ള, ആർ.രഞ്ജിത്ത് ബാബു, എ.എം.ഹാഷിം, ഗീതാകൃഷ്ണൻ ഒറ്റക്കൽ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി മണി കൊല്ലം (രക്ഷാധികാരി)
കല്ലട ഗിരീഷ് (ചെയർമാൻ) വി.വി.ഉല്ലാസ് രാജ്(ജന. കൺവീനർ)
സംസ്ഥാന-ജില്ലാ കൗൺസിൽ അംഗങ്ങൾ , സബ് ജില്ലാ പ്രസിഡൻറ്, സെക്രട്ടറി എന്നിവരടങ്ങുന്ന 51 സ്വാഗത സംഘം രൂപീകരിച്ചു.