ശാസ്താംകോട്ട:നിരവധി അബ്കാരി കേസുകളിലെ പ്രതിയായ യുവാവിനെ എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പിടികൂടാനെത്തിയപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ.പോരുവഴി ശാസ്താംനട ജംഗ്ഷനു സമീപം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.പോരുവഴി ശാസ്താംനട സ്വദേശിയായ കൃഷ്ണകുമാറിനെ പിടികൂടാനെത്തിയതായിരുന്നു ശാസ്താംകോട്ട എക്സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം.
ഇവരെത്തുമ്പോൾ മുൻ വശത്തുണ്ടായിരുന്ന കൃഷ്ണകുമാർ ഉടൻ തന്നെ അകത്തു കയറി കതകളുകൾ അടച്ച ശേഷം മുകൾനിലയിൽ ഒളിച്ചു.ഈ സമയം മുറ്റത്തുണ്ടായിരുന്ന സ്കൂട്ടറിൽ നിന്നും ഒരു ലിറ്റർ വിദേശമദ്യം കണ്ടെടുത്തു.കതക് തുറന്ന് ഇറങ്ങി വരാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കൃഷ്ണകുമാർ വഴങ്ങിയില്ല.
ഇതിനിടയിൽ കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.ഒടുവിൽ പഞ്ചായത്ത് അംഗങ്ങളായ രാജേഷ്,നിഖിൽ മനോഹർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എക്സൈസ് കതക് ചവിട്ടിപ്പൊളിച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും 10 ലിറ്ററോളം വിദേശമദ്യവും പാൻമസാല ശേഖരവും കണ്ടെടുത്തത്.പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.