മത്സ്യ സമ്പത്തിന്റെ നാശത്തിന് കാരണമാകുന്ന രീതിയില്‍ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ വള്ളവും എന്‍ജിനുകളും ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. ഫിഷറീസ് അസി. ഡയറക്ടര്‍ ടി. ചന്ദ്ര ലേഖയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രി ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കടലില്‍ നടത്തിയ പരിശോധനയിലാണ് പരവൂര്‍ പൊഴിക്കര ഭാഗത്തുനിന്ന് സാഹസികമായി വള്ളവും എന്‍ജിനുകളും പിടിച്ചെടുത്തത്. നീണ്ടകര കോസ്റ്റല്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. തിരുവനന്തപുരം സ്വദേശി എഡിസണിന്റെ ഉടമസ്ഥതയിലുള്ള യാനവും രണ്ട് എന്‍ജിനുകളുമാണ് പിടിച്ചെടുത്തത്. കൂടാതെ നിരോധിത മത്സ്യബന്ധന ഉപകരണമായ പൊങ്ങുകള്‍, ബാറ്ററികള്‍, തീവ്ര പ്രകാശമുള്ള ലൈറ്റുകള്‍, വി.എച്ച്.എഫ്, ജി.പി.എഫ് ബോക്സ്, ഐസ് ബോക്സ് എന്നിവയും കസ്റ്റഡിയിലെടുത്തു.
പരിശോധനയില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.ഐ അനില്‍കുമാര്‍, മറൈന്‍ പൊലീസ് ഉദ്യോഗസ്ഥരായ നന്ദുരാജ്, ഷിബു, ലൈഫ് ഗാര്‍ഡുമാരായ മാര്‍ട്ടിന്‍, റോയ് സി, ഗാര്‍ഡുമാരായ വിപിന്‍, ജോബിന്‍, ഷിജു, ജയപ്രസാദ്, രാംശാന്ത്, ബോട്ട് ജീവനക്കാരായ കുഞ്ഞുമോന്‍, ബൈജു എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍. രമേഷ് ശശിധരന്‍ അറിയിച്ചു.