കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ആയൂര്‍ മാര്‍ത്തോമാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സഹകരണത്തോടെ നടത്തിയ ‘പ്രയുക്തി ‘- 2025 തൊഴില്‍ മേളയില്‍ 276 പേര്‍ക്ക് നിയമനം ലഭിച്ചു. 292 പേര്‍ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്.
തൊഴില്‍മേള മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടി സ്വന്തമായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രാപ്തരായ ഉദ്യോഗാര്‍ഥികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 2022-23 വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും വിവിധ വകുപ്പുകള്‍ ഒരുമിച്ചുനിന്നപ്പോള്‍ 1,40,000 ആരംഭിക്കാനായി. ഇതില്‍ 32,000വും വനിതകള്‍ക്ക് മാത്രമായി തുടങ്ങിയതാണ്. ഓരോ ജില്ലകളിലും തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ പദ്ധതികള്‍ തയാറാക്കാനും ബാങ്കുകളുമായും മറ്റും ചര്‍ച്ച ചെയ്ത് ഏറ്റവും കുറഞ്ഞ പലിശയില്‍ വായ്പകള്‍ അനുവദിക്കാനും നടപടിയുണ്ടായി. ഇതോടെ സംരംഭങ്ങളുടെ എണ്ണത്തില്‍ കുതിപ്പുണ്ടായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാരാമെഡിക്കല്‍, ഓട്ടോമൊബൈല്‍, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 23 കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. എസ്.എസ്.എല്‍.സി, +2, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, ജനറല്‍ നഴ്‌സിംഗ്, പാരാമെഡിക്കല്‍, എം.ബി.എ, എം.സി.എ, യോഗ്യതയുള്ളവര്‍ക്കായി 1500ല്‍ അധികം ഒഴിവുകളിലേക്ക് അവസരമൊരുക്കിയ മേളയില്‍ വിവിധ കമ്പനികളിലായി 1934 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.
ചടങ്ങില്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ അധ്യക്ഷയായി. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ജി. ദീപു, ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനില്‍, ഗ്രാമപഞ്ചായത്ത് അംഗം ഉഷാ ബോസ്, മാര്‍ത്തോമ്മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടര്‍ ഡോ. സൈമണ്‍ ജോര്‍ജ്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ വി.എസ് ബൈജു എന്നിവര്‍ സംസാരിച്ചു.