ശൂരനാട്:കേരളത്തിൽ 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിക്കാൻ നിർണ്ണായകമായത് ശൂരനാട് സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു.മന്ത്രി സഭ രൂപീകരിക്കാൻ നിർണ്ണായകമായത് തിരുവിതാംകുറിൻ നിന്നും ലഭിച്ച 10 സീറ്റുകളാണ്.ഇതിന് കാരണമായത് ശൂരനാട്ടെ സമരസഖാക്കളുടെ രക്തസാക്ഷിത്വമാണ്.ശൂരനാട് രക്തസാക്ഷി ദിനാചരണത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം പറക്കടവ് രക്തസാക്ഷി സ്മാരക ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ത്യാഗ നിർഭരമായ പോരാട്ടമായിരുന്നു ശൂരനാട് സമരം.കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു എങ്കിലും പാർട്ടിയുടെ ശക്തി ഓരോ ദിവസവും വർദ്ധിച്ചു വന്നു.ഒളിവിൽ കിടന്ന എം.എൻ ഗോവിന്ദൻ നായർക്കുവേണ്ടി ഒളിവിൽ കിടന്ന തോപ്പിൽ ഭാസി നേരിട്ട് ഇടപെട്ട് വിജയിപ്പിച്ച പാരമ്പര്യമുള്ള നാട് ശുരനാട് മാത്രമാണ്.നിരോധിക്കപ്പെട്ടു എങ്കിലും തിരുവിതാംകുറിൽ ഉജ്ജ്വല വിജയം നേടാൻ കഴിഞ്ഞത് ശൂരനാട്ട് നടന്ന പേരാട്ടത്തിൻ്റെ ഫലമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.ആർ.എസ്. അനിൽ അധ്യക്ഷത വഹിച്ചു.സിപിഎം.ജില്ലാ സെക്രട്ടറി എസ്.സുദേവൻ, കെ.സോമപ്രസാദ്,കെ.ശിവശങ്കരൻ നായർ,പി.കെ പ്രേംനാഥ്,എം..ശിവശങ്കരപ്പിള്ള, എം.ഗംഗാധരക്കുറുപ്പ്,പി.ബി സത്യദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.സമ്മേളനത്തിനു മുന്നോടിയായി ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇരുചക്രവാഹന റാലി നടത്തി.