ആനയടിയില്‍ മിഴി തുറക്കുന്ന ചുവര്‍ചിത്രഭംഗി

Advertisement

ശൂരനാട്. കേരളത്തനിമയുള്ള കലകളില്‍ ഇന്ന് ശ്രദ്ധേയമാണ് ചുവര്‍ ചിത്രകല. അതിന് ആസ്വാദകര്‍ പകരുന്ന പ്രോല്‍സാഹനമാകാം യുവ തലമുറ പോലും ആ കലയില്‍ ശ്രദ്ധവയ്ക്കുന്നതിന് കാരണം. ചുവര്‍ചിത്രകലയില്‍ ചുവടുറപ്പിച്ച യുവ കലാകാരനാണ് ആനയടി ഷിബുകുമാര്‍. ജയ്പൂരിലും ഗുരുവായൂരിലും ഒക്കെ മഹിമതെളിയിച്ച ഷിബുവിന്റെ വര്‍ണങ്ങള്‍ ഇപ്പോള്‍ സ്വന്തം നാടായ ആനയടിയിലും ശ്രദ്ധേയമായിരിക്കയാണ്.

ചരിത്രപ്രസിദ്ധമായ ആനയടി നരസിംഹക്ഷേത്രത്തില്‍ രണ്ടുവര്‍ഷമായി തുടരുന്ന ചുമര്‍ ചിത്ര രചന പൂര്‍ത്തീകരിച്ച് ഇന്ന് കാണികള്‍ക്കായി മിഴി തുറക്കുമ്പോള്‍ സഫലമാകുന്നത് ഷിബുവിന്റെ സ്വപ്‌നം കൂടിയാണ്. റിട്ട പ്രഫ. ഡോ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലെ ക്ഷേത്ര ഭരണസമിതിയാണ് ചുവര്‍ചിത്രത്തിലൂടെ ആനയടി ക്ഷേത്രത്തിലെ ചുമരുകള്‍ മോടിപിടിപ്പിക്കണമെന്ന താല്‍പര്യം കാട്ടിയത്. കഴിഞ്ഞ വര്‍ഷം ദശാവതാരം പൂര്‍ത്തിയാക്കിയിരുന്നു. അത് അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ ഉദ്ഘാടനം ചെയ്തു. ഇത്തവണ ബാക്കി കൂടി പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ട് 4.30 ന് തന്ത്രി കീഴ്ത്താമരശേരി രമേശ് ഭട്ടതിരിയുടെ കാര്‍മ്മികത്വത്തില്‍ മിഴിതെളിക്കുന്നതോടെ ഒരു സ്വപ്‌നത്തിനാണ് ജീവന്‍ വയ്ക്കുന്നത്.


പരമ്പരാഗതമായി പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിക്കുമെങ്കിലും ഇവിടെ പ്രതലം കുമ്മായമല്ലാത്തതിനാല്‍ അക്രിലിക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ദശാവതാരം കൂടാതെ ഗണപതി എഴുത്തിനിരുത്തുമണ്ഡപത്തില്‍ സരസ്വതീദേവി എന്നീ ചിത്രങ്ങളാണ് വരച്ചത്.


ആനയടി ഷിബുഭവനത്തില്‍ വാമദേവന്‍ സുധ ദമ്പതികളുടെ മകനായ 36കാരന്‍ ബിഎഫ്എ കഴിഞ്ഞ് സ്വന്തം ഇഷ്ടപ്രകാരം ചുമര്‍ചിത്രകലയില്‍ ഡിപ്‌ളോമ നേടുകയായിരുന്നു.തൃക്കുന്നപ്പുഴ ശാസ്താക്ഷേത്രം,വള്ളികുന്നം പടയണിവട്ടം ക്ഷേത്രം, മലയാലപ്പുഴ ക്ഷേത്രം, ഗുരുവായൂര്‍ക്ഷേത്രം (ചുവര്‍ ചിത്ര രചന സംഘാംഗം)എന്നിവിടങ്ങളിലും നിരവധി സ്റ്റാര്‍ ഹോട്ടലുകളും ഷിബുവിന്റെ വര്‍ണ്ണക്കൂട്ട് കാഴ്ചയുടെ അനുഭൂതി പകരുന്നുണ്ട്. ജയ്പൂരില്‍ ദേശീയ പരിപാടിയുടെ ഭാഗമായി വെസ്റ്റ് സോണ്‍ കള്‍ച്ചറല്‍ സെന്ററിലും വരച്ചിട്ടുണ്ട്.
പത്രപ്രവര്‍ത്തകന്‍ തഴവ കനകന്റെ മകള്‍ ദേവിയാണ് ഭാര്യ. മകള്‍. ദേവപ്രിയ
9847490699(shibu anayadi)

LEAVE A REPLY

Please enter your comment!
Please enter your name here