ശാസ്താംകോട്ട. പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തിമേഖലയിലുള്ള ചെമ്പില്‍ ചതുപ്പ് പന്നിത്താവളമായി മാറി. ആള്‍പ്പെകരുമാറ്റമില്ലാത്ത കുറ്റിക്കാടുകളും ചെളിക്കുഴികളുമുള്ള ചതുപ്പ് താവളമായാല്‍ ഈ മേഖല പന്നികളുടെ ഏറ്റവും വലിയ കേന്ദ്രമാവുമെന്നാണ് ആശങ്ക. ചതുപ്പില്‍ നേരത്തേതന്നെ മുള്ളന്‍പന്നിയും കാട്ടുമുയലുമൊക്കെ താവളമാക്കിയതാണ്. . മൈനാഗപ്പള്ളി വേങ്ങ വഴിയാണ് ഇവിടേക്ക് പന്നികള്‍ എത്തിയത്. കിലോമീറ്ററുകള്‍ ചുറ്റളവുള്ള ചതുപ്പ് ശല്യമില്ലാതെ പന്നികള്‍ക്ക് പെറ്റുപെരുകാനിട നല്‍കുന്നു. ചുറ്റും കൃഷിയിടങ്ങളുമുണ്ട്. ചതുപ്പിന് ഒരു ഭാഗത്തെ മായാറാം എസ്റ്റേറ്റിലും വേങ്ങ മാമ്പുഴമുക്ക് ഭാഗത്തും പന്നികളിറങ്ങി കൃഷി നശിപ്പിച്ചിട്ടുണ്ട്. ആദിക്കാട്ട്മുക്കിലും പന്നിഇറങ്ങി.
മാമ്പുഴമുക്കിന് സമീപം റവന്യൂ ഉദ്യോഗസ്ഥന്‍ രാജേഷ് കുമാറിന്‍റെ വീട്ടുപുരയിടത്തില്‍ പന്നി എത്തിയതിന്‍റെ സിസി ടിവി ദൃശ്യം ലഭിച്ചു. ചെമ്പില്‍ ചതുപ്പിന് തൊട്ടുകിടക്കുന്ന പുരയിടമാണിത്. ഇവിടെ നേരത്തേ കൃഷി നശിപ്പിച്ചതായി കണ്ടിരുന്നു.
മൈനാഗപ്പള്ളി പഞ്ചായത്ത് പന്നിപിടിക്കാന്‍ നടത്തിയ പദ്ധതി വെറുതേയായി. വെടിക്കാര്‍ക്ക് പന്നിയെ കണ്ടെത്താനായില്ല. രണ്ടു പഞ്ചായത്തിന്‍റെ അതിര്‍ത്തി ആയതിനാല്‍ അധികൃതരുടെ ശല്യമില്ലാതെ പന്നിക്ക് വിലസാനാകും. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് കുന്നത്തൂര്‍ താലൂക്കിലെ പന്നിശല്യത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ വലിയ വിനയാകും കാത്തിരിക്കുന്നത്.