കൊല്ലം ചടയമംഗലത്ത് 14 കാരിയെ വീട്ടിൽ കയറി മർദ്ദിച്ച 52 കാരൻ അറസ്റ്റിൽ. ചടയമംഗലം അയ്യപ്പൻമുക്ക് സ്വദേശി ശ്രീകുമാറാണ് പിടിയിലായത്.കുട്ടിയുടെ കുടുംബത്തോടുള്ള മുൻവൈരാഗ്യത്തെ തുടർന്നാണ് പ്രതി 14കാരിയെ ആക്രമിച്ചത്. ഇക്കഴിഞ്ഞ പതിനാറാം തീയതി രാവിലെയാണ് വീടിന്‍റെ മുറ്റത്തു നിൽക്കുകയായിരുന്ന 14 കാരിയെ മദ്യ ലഹരിയിൽ എത്തിയ ശ്രീകുമാർ ആക്രമിച്ചത്.
കുട്ടിയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച് അടിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തു. ഈ സമയം സമീപത്തു കൂടി എക്സൈസിൻ്റെ വാഹനം പോകുന്നതു കണ്ട പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. തുടർന്ന് അമ്മ ജോലി ചെയ്യുന്ന സ്ഥലത്ത് എത്തി കുട്ടി വിവരം പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
കുടുംബം നൽകിയ പരാതിയിലാണ് ചടയമംഗലം പൊലീസ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം മുൻപ് പെൺകുട്ടിയെയും സഹോദരിയെയും പ്രതി അസഭ്യം പറഞ്ഞതിൽ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.ഇതിൻ്റെ വൈരാഗ്യത്തിലാണ് ശ്രീകുമാർ കുട്ടിയെ ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.