പത്തനാപുരം : യുവതിയെ നടുറോഡിൽ വെച്ച് ഉപദ്രവിച്ചതിനു ശേഷം ഒളിവിൽ പോയ പ്രതിയെ പത്തനാപുരം പോലീസ് പിടികൂടി. പത്തനാപുരം തൊണ്ടിയാമൺ പടിഞ്ഞാറ്റിൻകര വീട്ടിൽ വെട്ടിൽ സജീവ് എന്നറിയപ്പെടുന്ന സജീവ് (41) നെയാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ മാസം ഇരുപത്തിനാലാം തീയതി ആയിരുന്നു സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ വക റബ്ബർ എസ്റ്റേറ്റിന് അടുത്തുവച്ച് ഇയാൾ യുവതിയെ ഉപദ്രവിച്ചത്. യുവതിയുടെ നിലവിളി കേട്ട് തോട്ടം തൊഴിലാളികളും മറ്റും ഓടിക്കൂടിയപ്പോഴേക്കും ഇയാൾ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം മാങ്കോട്, പൂങ്കുളഞ്ഞി വന മേഖലകളിൽ ഒളിച്ചു താമസിച്ചു വരികയായിരുന്ന ഇയാളെ ശനിയാഴ്ച രാത്രിയിലാണ് പിടികൂടിയത്. പത്തനാപുരം ഇൻസ്പെക്ടർ ബിജു, എസ് ഐ ശരലാൽ, സിവിൽ പോലീസ് ഓഫീസർമാരായ ഹരിപ്രസാദ്, രാജേഷ്, രാജീവ്, വിനോദ്, വിഷ്ണു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.