ആനയടി:ആനയടി എന്ന സംഗീത ഗ്രാമത്തിലെ മുക്കിലും മൂലയിലുമെല്ലാം ഇപ്പോൾ കേൾക്കാൻ കഴിയുന്നത് ചങ്ങല കിലുക്കത്തിൻ്റെ നാദവിസ്മയം.ആനപ്രേമികളാൽ സമ്പുഷ്ടമായ ആനയടി ഗ്രാമത്തിൽ ആനച്ചന്തത്തിൻ്റെ അഴക് വിരിക്കാൻ പഴയിടം ക്ഷേത്രത്തിലേക്ക് കേരളത്തിലെ തലയെടുപ്പുള്ള കരിവീരന്മാരെല്ലാം എത്തിക്കഴിഞ്ഞു.ജനുവരി 29ന് നടക്കുന്ന ചരിത്രപ്രസിദ്ധമായ ആനയടി ഗജമേളയിൽ പങ്കാളികളാകാൻ ഇന്നലെ മുതൽ തന്നെ ഗജവീരന്മാർ ഗ്രാമത്തിൽ നിലയുറപ്പിച്ച് കഴിഞ്ഞു.
ഗജമേള ദിവസം ഒഴുകിയെത്തുന്ന പുരുഷാരത്തിനൊപ്പം മകരക്കൊയ്ത്ത് കഴിഞ്ഞ ക്ഷേത്രത്തോട് ചേർന്നുള്ള വയലേയിൽ നെറ്റിപ്പട്ടവും വെഞ്ചാമരവും മുത്തുക്കുടയും ചാർത്തി ഗജവീരന്മാർ അണിനിരക്കും.നേർച്ചയായും അല്ലാതെയും 60 ഓളം കരിവീരന്മാരാണ് മേളയിൽ അണിനിരക്കുന്നത്.
പഴയിടം നരസിംഹസ്വാമിയുടെ തിടമ്പേറ്റുന്ന ആനയടി ദേവസ്വത്തിൻ്റെ അപ്പു,തൃക്കടവൂർ ശിവരാജു,പാമ്പാടി രാജൻ,ഗുരുവായൂർ നന്ദൻ,ഈരാറ്റുപേട്ട അയ്യപ്പൻ, പാറന്നൂർ നന്ദൻ, പട്ടാമ്പി മണികണ്ഠൻ,തിരുവാറാട്ടുകാവ് കാളിദാസൻ, വേണാട് ആദി കേശവൻ, കടേക്കച്ചാൽ ഗണേശൻ, മൗട്ടത്ത് രാജേന്ദ്രൻ,പേരൂർ ശിവൻ, ഗുരുവായൂർ ഇന്ദ്രസെൻ, അമ്പാടി ബാലനാരായണൻ,പുതുപ്പളളി സാധു, ഗുരുവായൂർ ഗോകുൽ, ആക്കാവിള വിഷ്ണുനാരായണൻ,മീനാട് വിനായകൻ,കീഴൂട്ട് വിശ്വനാഥൻ, കീഴൂട്ട് ശ്രീകണ്ഠൻ, പരിമണം വിഷ്ണു,അക്കരമേൽ ശേഖരൻ,വേമ്പനാട് അർജുനൻ, ഉണ്ണിമങ്ങാട് ഗണപതി ഉൾപ്പെടെയുള്ള പ്രമുഖ ഗജകേസരികളാണ് ആനയടിവയലിൽ സായന്തന സൂര്യന് ചന്തം ചാർത്താൻ എത്തിയിരിക്കുന്നത്.ആനയടിയില അയോധ്യ,ഛത്രപതി,തോമയിൽക്കൂട്ടം, നരഹരി, ധർമ്മരക്ഷ,ഭക്തപ്രഹ്ളാദൻ, നരസിംഹപ്രിയ, യുവജന സമിതി,കുതിര സംഘം, ചിഞ്ചിലം ബ്രദേഴ്സ്,ശ്രീകൃഷ്ണസേന തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഗജശ്രേഷ്ഠന്മാരെ എത്തിക്കുന്നത്.തെങ്ങമം ജയവിജന്മാരും അജിത്ത് കൽഹാരവും 40ൽപ്പരം വാദ്യകലാകാരന്മാരും അവതരിപ്പിക്കുന്ന പാണ്ടിമേളം ഗജമേളയിൽ പെയ്തിറിങ്ങും.ഗജമേള ആസ്വദിക്കാനും വിവിധ ആന ഫാൻസുകളും വിദേശികളടക്കം പതിനായിരങ്ങൾ ആനയടി വയലിലേക്ക് ഒഴുകിയെത്തും.