സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ കൊല്ലം സ്വദേശി ഉള്‍പ്പെടെ 15 പേര്‍ക്ക് ദാരുണാന്ത്യം

Advertisement

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി അടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) അടക്കം ഒന്‍പത് ഇന്ത്യക്കാരും, മൂന്ന് നേപ്പാള്‍ സ്വദേശികളും മൂന്ന് ഘാന സ്വദേശികളുമാണ് മരിച്ചത്. ജിസാനിലെ അറാംകോ റിഫൈനറി റോഡിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ 11 പേരെ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എസിഐസി സര്‍വീസ് കമ്പനിയിലെ 26 തൊഴിലാളികള്‍ സഞ്ചരിച്ച മിനി വാനില്‍ എതിരെ വന്ന ട്രെയിലര്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ പതിനഞ്ച് പേരും മരിച്ചു. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. ഫയര്‍ ഫോഴ്‌സിന്റെയും രക്ഷാ പ്രവര്‍ത്തകരുടെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം.
കൊല്ലം കേരളപുരം ശശീന്ദ്ര ഭവനത്തില്‍ പ്രസാദിന്റെയും രാധയുടെയും മകനാണ് മരിച്ച വിഷ്ണു. അവിവാഹിതനായ വിഷ്ണു മൂന്ന് വര്‍ഷമായി ഈ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. മഹേഷ് ചന്ദ്ര, മുസഫര്‍ ഹുസ്സൈന്‍ ഖാന്‍ ഇമ്രാന്‍, പുഷ്‌കര്‍ സിംഗ് ദാമി, സപ്ലൈന്‍ ഹൈദര്‍, താരിഖ് ആലം മുഹമ്മദ് സഹീര്‍, മുഹമ്മ മോഹത്തഷിം റാസ, ദിനകര്‍ ബായ് ഹരിദായ് തണ്ടല്‍, രമേശ് കപേലി എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് ഇന്ത്യക്കാര്‍.

Advertisement