ആനത്തറികളില്‍ മേളമുയരുമ്പോള്‍ തുടിക്കുകയാണീ നാടിന്റെ ഹൃദയം ,ആനയടിയുടെ ആതിഥ്യത്തില്‍ മയങ്ങി പേരെടുത്ത ഗജകേസരികള്‍
ശൂരനാട് വടക്ക്. ആനയടിയുടെ മണ്ണും മനസും ആനച്ചൂരാല്‍ നിറഞ്ഞിരിക്കയാണ്. നാടിന്റെ വഴികളായ വഴികളിലെല്ലാം ചങ്ങല കിലുങ്ങുന്ന നാദമാണ് കേള്‍ക്കുന്നത്. കേരളത്തിലെ പേരെടുത്ത ഗജവീരന്മാരെല്ലാം ആനയടിയുടെ ആതിഥ്യത്തില്‍ മയങ്ങി ചെവിയാട്ടിനില്‍ക്കുന്ന കാഴ്ച. ഓരോ വഴിയും അവസാനിക്കുന്നത് തങ്ങളുടെ ഗജകേസരിക്കായി ഒരുക്കിയ താല്‍ക്കാലിക ആനത്തറികളില്‍. അവിടെ പൊടിപോലുമില്ലാത്ത ദേഹത്ത് കളഭവും ചാര്ത്തുമണിഞ്ഞ് കരിമ്പും ചോറും രുചിച്ച് അവരങ്ങിനെ വിലസുകയാണ്. ആനക്കമ്പത്തിന് ഇടയും മെയ്യുംവച്ച് നാട്ടുകാര്‍ ഒപ്പം. ആനത്തറികളില്‍ മേളമുയരുമ്പോള്‍ തുടിക്കുകയാണീ നാടിന്റെ ഹൃദയം. ഇന്ന് ആനയടി ഉല്‍സവം. ആനപ്പൂരത്തിനായി പാട്ടുകള്‍, ആനവിവരങ്ങള്ക്കായി ഗ്രൂപ്പുകള്‍, ജനത്തിന്റെ ആവശം ഇങ്ങനെ ആനപ്പുറത്തേറി സഞ്ചരിക്കുന്ന ദിനമാണിന്ന്.
നേർച്ചയായും അല്ലാതെയും 60 ഓളം കരിവീരന്മാരാണ് മേളയിൽ അണിനിരക്കുന്നത്.പഴയിടം നരസിംഹസ്വാമിയുടെ തിടമ്പേറ്റുന്ന ആനയടി ദേവസ്വത്തിൻ്റെ അപ്പു,തൃക്കടവൂർ ശിവരാജു,പാമ്പാടി രാജൻ,ഗുരുവായൂർ നന്ദൻ,ഈരാറ്റുപേട്ട അയ്യപ്പൻ, പാറന്നൂർ നന്ദൻ, പട്ടാമ്പി മണികണ്ഠൻ,തിരുവാറാട്ടുകാവ് കാളിദാസൻ, വേണാട് ആദി കേശവൻ, കടേക്കച്ചാൽ ഗണേശൻ, മൗട്ടത്ത് രാജേന്ദ്രൻ,പേരൂർ ശിവൻ, ഗുരുവായൂർ ഇന്ദ്രസെൻ, അമ്പാടി ബാലനാരായണൻ,പുതുപ്പളളി സാധു, ഗുരുവായൂർ ഗോകുൽ, ആക്കാവിള വിഷ്ണുനാരായണൻ,മീനാട് വിനായകൻ,കീഴൂട്ട് വിശ്വനാഥൻ, കീഴൂട്ട് ശ്രീകണ്ഠൻ, പരിമണം വിഷ്ണു,അക്കരമേൽ ശേഖരൻ,വേമ്പനാട് അർജുനൻ, ഉണ്ണിമങ്ങാട് ഗണപതി ഉൾപ്പെടെയുള്ള പ്രമുഖ ഗജകേസരികളാണ് ആനയടിയില്‍ രാജാക്കന്മാരായി എഴുന്നള്ളുന്നത്.
.കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിൽ നിന്നും ഒഴുകിയെത്തുന്ന പുരുഷാരത്തിനൊപ്പം ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്ത് മകരക്കൊയ്ത്ത് കഴിഞ്ഞ വയലേയിൽ നെറ്റിപ്പട്ടവും വെഞ്ചാമരവും മുത്തുക്കുടയും ചാർത്തി ഗജവീരന്മാർ അണിനിരക്കും.വൈകിട്ട് 5ന് നടക്കുന്ന ഗജമേളയിൽ 60 ഓളം കരിവീരന്മാരാണ് അണിനിരക്കുന്നത്.തെങ്ങമം ജയവിജയന്മാരും അജിത്ത് കൽഹാരവും 40ൽപ്പരം വാദ്യകലാകാരന്മാരും അവതരിപ്പിക്കുന്ന പാണ്ടിമേളം ഗജമേളയിൽ പെയ്തിറിങ്ങും.രാവിലെ 5 മുതൽ ക്ഷേത്രാചാര ചടങ്ങുകൾ,3ന് ദേവൻ്റെ ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ച മഹോത്സവവും,രാത്രി 7.30 ന് തൃക്കൊടിയിറക്ക്,രാത്രി 8 ന് നാഗസ്വരക്കച്ചേരി,9.45 ന് ആറാട്ടുവരവ്,സേവ, 10 ന് പഞ്ചാരിമേളം,പുലർച്ചെ 1 ന് മൂവി സ്റ്റേജ് ഡ്രാമ-രൗദ്രമുഖി എന്നിവ നടക്കും.